20 April Saturday

ഗാന്ധിപാദം തേടി കുട്ടികൾ

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023
 
കോഴിക്കോട്‌ 
ഗാന്ധി നടന്ന വഴികളെ പിന്തുടരാൻ ഒരുങ്ങുകയാണ്‌ കോഴിക്കോട്ടെ 117 വിദ്യാർഥികൾ. ഗാന്ധി പിറന്ന പോർബന്തറും സബർമതി ആശ്രമവും ദണ്ഡി കടപ്പുറവും ഉൾപ്പെടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടംനേടിയ ചരിത്രഭൂമികളിലൂടെയാണ്‌ വിദ്യാർഥികളുടെ യാത്ര. ‘ഗാന്ധിപാദം തേടി’ എന്ന പേരിൽ കോഴിക്കോട്‌ ജില്ലാപഞ്ചായത്താണ്‌ ഏപ്രിൽ അവസാനവാരം സവിശേഷ പഠനപരിപാടി ഒരുക്കുന്നത്‌.  ഗാന്ധിജിയെ പാഠപുസ്‌തകങ്ങളിൽനിന്നും ചരിത്രത്തിൽനിന്നും അടർത്തിമാറ്റാനും വക്രീകരിക്കാനുമുള്ള നീക്കങ്ങൾക്കിടെയാണ്‌ ഒരു തദ്ദേശസ്ഥാപനം ഗാന്ധിജിയെ പഠിക്കാൻ വിപുലമായ യാത്രയൊരുക്കുന്നത്‌. 
 ജില്ലാപഞ്ചായത്തിന്‌ കീഴിലുള്ള 117 വിദ്യാലയങ്ങളിൽനിന്ന്‌ ഓരോ വിദ്യാർഥിയാണ്‌ എട്ടുനാൾ  യാത്രയിൽ പങ്കാളിയാവുക. ജില്ലാ പഞ്ചായത്ത്‌ നേരത്തെ നടപ്പാക്കിയ പുലർകാലം, കൃഷിപാഠം, ശാസ്‌ത്രോത്സവ്‌ തുടങ്ങിയവയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചവരിൽനിന്ന്‌ ഒരാളെ  വിദ്യാലയം തെരഞ്ഞെടുത്ത്‌ അയക്കും.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും യാത്രയിൽ പങ്കാളിയാകും. 
 കെ കേളപ്പൻ സ്ഥാപിച്ച പാക്കനാർപുരത്തെ ആശ്രമത്തിൽനിന്നാണ്‌  തുടക്കം. പോർബന്തറിലെ ഗാന്ധിജി പിറന്ന ഗാന്ധിഗൃഹം, അഹമ്മദാബാദിലെ സബർമതി ആശ്രമം തുടങ്ങിയ സ്ഥലങ്ങളിൽ ഓരോ ദിവസം ചെലവഴിക്കും. ദണ്ഡി കടപ്പുറത്ത്‌  ദണ്ഡിയാത്രയുടെ പുനരാവിഷ്‌കാരവും പ്രതീകാത്മക ഉപ്പുകുറുക്കലും ഒരുക്കും.  ഗാന്ധിജി വെടിയേറ്റുമരിച്ച ഡൽഹി ബിർളാമന്ദിറിൽ  ഉപവസിക്കും.  ഗാന്ധി സ്‌മൃതി കുടീരവും സന്ദർശിക്കും.
ട്രെയിൻ മാർഗമാണ്‌ ഗുജറാത്തിലെത്തുക.  ചെറുയാത്രകൾക്ക്‌ ബസ്സുകളെ ആശ്രയിക്കും. വരുംവർഷം എല്ലാ വിദ്യാലയങ്ങളിലും ഗാന്ധി പ്രതിമ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചിട്ടുണ്ട്‌.  ‘‘ ഗാന്ധിയുടെ ജീവിതാദർശങ്ങളെ പരിചയപ്പെടുത്തുകയെന്ന  ദൗത്യമുണ്ട്‌ ഈ യാത്ര‌ക്ക്‌. ആ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രസ്‌മാരകങ്ങൾ കുട്ടികൾ നേരിട്ടറിയും . ഗാന്ധിയുടെ സമരമുറകളുടെയും ജീവിതശൈലിയുടെയും ഭാഗമായി കുട്ടികൾ മാറും’’–- ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ പദ്ധതി കോ ഓർഡിനേറ്റർ വി പ്രവീൺ കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top