26 April Friday

കോ ഓപ്‌ മാർട്ടിന്‌ 
പ്രവർത്തന രേഖയായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

കോ- ഓപ് മാർട്ട് സഹകരണ വിപണിയുടെ ഉദയം പ്രവർത്തന രേഖ മന്ത്രി വി എൻ വാസവൻ സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹിന്‌ നൽകി പ്രകാശിപ്പിക്കുന്നു

സ്വന്തം ലേഖകന്‍

കോഴിക്കോട്‌
ഉൽപ്പാദന മേഖലയിൽ കൂടുതൽ സംരംഭങ്ങളും അതിലൂടെ തൊഴിലവസരവും സൃഷ്ടിക്കാൻ പ്രവർത്തന രേഖയായി. ‘കോ- ഓപ് മാർട്ട് സഹകരണ വിപണിയുടെ ഉദയം' എന്ന പേരിലാണ് പ്രവർത്തന രേഖ. സഹകരണ സംഘങ്ങളുടെയും സംരംഭകരുടെയും ഉൽപ്പന്നങ്ങൾക്ക് കേന്ദ്രീകൃത വിപണന കേന്ദ്രമൊരുക്കാൻ സഹകരണ വകുപ്പ് തയ്യാറാക്കിയ പദ്ധതിയാണ് കോ ഓപ് മാർട്ട്. ഇതിനൊപ്പം, സഹകരണ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കി ‘കോ–-ഓപ് കേരള' സഹകരണ മുദ്രയും നൽകുന്നുണ്ട്. ഓരോ ജില്ലയിലും ഓരോ കോ ഓപ് മാർട്ട് യൂണിറ്റാണ് ആരംഭിച്ചിരിക്കുന്നത്‌. ഇത് പ്രാദേശികാടിസ്ഥാനത്തിൽ വ്യാപിപ്പിച്ച്‌ ഒരു വീടിന് വേണ്ട ഉൽപ്പന്നങ്ങൾ സഹകരണാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ച് വിതരണം നടത്തുകയാണ് ലക്ഷ്യം. ഇതിലൂടെ ഇടനിലക്കാരുടെ ചൂഷണവും സ്വകാര്യമേഖലയും ലാഭചിന്തയും മറികടക്കാനുള്ള ‘സഹകരണ വിപണി' തീർക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പ്രവർത്തന രേഖയിൽ പറയുന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ -ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിങ് സൊസൈറ്റി (എൻഎംഡിസി)ക്കാണ്  പദ്ധതി ഏകോപന ചുമതല. എൻഎംഡിസി കേരളയാണ് സമഗ്ര പ്രവർത്തന രേഖ തയ്യാറാക്കിയത്. ഓരോ പ്രദേശത്തിന്റെയും വിഭവങ്ങൾ സമാഹരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്ന സംരംഭങ്ങളുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിന് സഹകരണ ബാങ്കുകളും സംഘങ്ങളും സാമ്പത്തിക സഹായം നൽകും. ഉൽപ്പന്നങ്ങൾ എൻഎംഡിസി ഏറ്റെടുത്ത് കോ ഓപ് മാർട്ട് വഴി വിതരണം ചെയ്യും. കേരളബാങ്ക്, നബാർഡ്, ദേശീയ സഹകരണ വികസന കോർപറേഷൻ എന്നിവയുടെ പദ്ധതികൾ, സർക്കാർ സഹായങ്ങൾ, ഏതൊക്കെ മേഖലയിൽ സംരംഭങ്ങൾ തുടങ്ങണം, പ്രാഥമിക സഹകരണ ബാങ്കുകൾ ഏതൊക്കെ രീതിയിൽ ഇടപെടണം തുടങ്ങിയ കാര്യങ്ങളും മാർഗരേഖയിൽ വിശദീകരിക്കുന്നു. 
കഴിഞ്ഞ ദിവസം വടകര സർഗാലയയിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ 118 പേജുള്ള സമഗ്ര പ്രവർത്തന രേഖ പ്രകാശിപ്പിച്ചു. സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ്‌ ഏറ്റുവാങ്ങി. സഹകരണ സെക്രട്ടറി മിനി ആന്റണി, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, കേരള ബാങ്ക് ഡയറക്ടർ ഇ രമേശ്ബാബു, എൻഎംഡിസി ചെയർമാൻ പി സൈനുദ്ദീൻ, ജനറൽ മാനേജർ എം കെ വിപിന, വൈസ് ചെയർമാൻ വി പി കുഞ്ഞികൃഷ്ണൻ, ഡയറക്ടർ ഇ അരവിന്ദാക്ഷൻ, മനയത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top