06 May Monday

കോഴിക്കോട്ടുണ്ട്‌ മാലിന്യപ്പൊല്ലാപ്പില്ലാത്ത ഫ്ലാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

ഫ്ലാറ്റിലെ കമ്പോസ്റ്റ് വളം ഉപയോഗിച്ച് വിളയിച്ച വഴക്കുലയുമായി സജീവൻ

സ്വന്തം ലേഖകൻ
കോഴിക്കോട്‌
കുറച്ചുമാസങ്ങളായി കോർപറേഷൻ സ്‌റ്റേഡിയത്തിന്‌ സമീപത്തെ ഫാത്തിമ ഫ്ലാറ്റിലെത്തുന്ന ഹരിത കർമസേനക്ക്‌ ഒരുതരി ജൈവമാലിന്യം ശേഖരിക്കേണ്ടിവരാറില്ല. ആൾത്താമസമില്ലാഞ്ഞിട്ടല്ല, 12 ഫ്ലാറ്റിലെയും ജൈവമാലിന്യം കൃത്യമായി ചെന്നെത്തുന്ന ബയോബിന്നുകളിൽ അതിന്റെ ഉത്തരമുണ്ട്‌. 
ഫ്ലാറ്റ്‌ മാനേജർ കോട്ടൂളി കരിയാറമ്പത്ത്‌ ടി എൻ സജീവന്റെ പ്രയത്നമാണ്‌ മാലിന്യപ്പൊല്ലാപ്പിനെ ഇല്ലാതാക്കിയത്‌. പിറകിലെ തൊടിയിൽ വിളഞ്ഞുനിൽക്കുന്ന ഞാലിപ്പൂവൻ വാഴ വിരൽചൂണ്ടുന്നത്‌ നഗരത്തിലെ ഗാർഹിക സമുച്ചയങ്ങൾക്ക്‌ അനുകരിക്കാവുന്ന മാതൃകയിലേക്കാണ്‌.
 ഒരുവർഷംമുമ്പ്‌ കൊച്ചിയിൽ സുഹൃത്തിനെ കാണാൻ പോയപ്പോഴാണ്‌ അവിടെ ഫ്ലാറ്റിലുള്ള മാലിന്യ സംസ്‌കരണ സംവിധാനം സജീവന്റെ ശ്രദ്ധയിൽപ്പെടുന്നത്‌. വലിയ ടാങ്കായിരുന്നു അത്‌. അത്ര വലിയ ടാങ്കില്ലെങ്കിലും ചെറിയ 12 ബിന്നുകൾ സംഘടിപ്പിച്ചു. ഇത്രയും വീടുകളിലെ മാലിന്യം സംസ്‌കരിക്കാനാകുമോ എന്ന ആശങ്കയുണ്ടായെങ്കിലും എച്ച്‌ഐ മേഘനാഥ്‌ എല്ലാ പിന്തുണയുമേകിയതോടെ ധൈര്യമായി. 
രണ്ട്‌ ഫ്ലാറ്റിന്‌ ഒന്നെന്ന രീതിയിൽ ഇരുനില ഫ്ലാറ്റിന്റെ പറമ്പിലും ടെറസിലുമായി സ്ഥാപിച്ചു. താമസക്കാർ ജൈവമാലിന്യം ദിവസവും ഇതിൽ ഉപേക്ഷിച്ചു. ചകിരിച്ചോറുൾപ്പെടെ ഇട്ട്‌ അടച്ചുവച്ച്‌ കൃത്യമായി പരിപാലിച്ചു. ഒരു ബിന്നിൽനിന്ന്‌ 25 കിലോയോളം കമ്പോസ്‌റ്റ്‌ റെഡി.
 മൂന്ന്‌ മാസം കൂടുമ്പോഴാണ്‌ ബിൻ നീക്കംചെയ്ത്‌ അടുത്തത്‌ സ്ഥാപിക്കുക. കമ്പോസ്‌റ്റ്‌ ഉപയോഗിച്ച്‌ ഇതിനകം കപ്പയും മഞ്ഞളും ഇഞ്ചിയും വാഴയുമെല്ലാം കൃഷിചെയ്‌തു. കെട്ടിട അവശിഷ്‌ടം തള്ളിയ മണ്ണിൽ ഫ്ലാറ്റിലെ മാലിന്യം സംസ്‌കരിച്ച്‌ കിട്ടിയ വളം ഉപയോഗിച്ചാണ്‌ സജീവൻ പൊന്നുവിളയിച്ചത്‌. ഒരു മൂട്‌ കപ്പ 25 കിലോയോളമുണ്ടായിരുന്നു. ബാക്കിയുള്ള കമ്പോസ്‌റ്റ്‌ ചാണകപ്പൊടിയും മണ്ണും യൂറിയയും ചേർത്ത്‌ ‘പ്രോട്ടീൻ  മിക്‌സ്‌’ എന്നപേരിൽ പുറത്തും വിൽപ്പന നടത്തുന്നുണ്ട്‌.
 ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഈ വിജയമാതൃക കോർപറേഷന്റെ വിവിധ പ്രദർശനങ്ങളിലേക്കും തെരഞ്ഞെടുക്കുകയുണ്ടായി. ‘നഗരത്തിൽ ജീവിക്കുന്ന ആർക്കും പരീക്ഷിക്കാവുന്ന രീതിയാണിത്‌. നമ്മുടെ മാലിന്യം നമ്മൾ തന്നെ സംസ്‌കരിക്കുന്നു. എലിയോ മറ്റ്‌ ശല്യമോ ഇല്ല. മാലിന്യമെടുക്കാനുള്ള വണ്ടിയ്‌ക്കായി കാത്തിരിപ്പുമില്ല.’ –- സജീവൻ പറയുന്നു. 
മേപ്പയൂർ സ്വദേശിയായായ സജീവൻ വർഷങ്ങളായി നഗരത്തിലാണ്‌ താമസം. ആരോഗ്യ പ്രവർത്തകനാണ്‌. നാടകവും സിനിമയുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ്‌. പുതിയ ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്‌. ഭാര്യ: ഓമന. മക്കൾ: അശ്വതി, ആരതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top