07 May Tuesday

നവകേരള സദസ്സിന്‌ ജില്ലയൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
കോഴിക്കോട്‌ 
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കാളികളായി നിയമസഭാ മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന നവകേരള സദസ്സ്‌  ജില്ലയിൽ നവംബർ 24, 25, 26 തീയതികളിൽ നടക്കും. ലോകചരിത്രത്തിൽ തന്നെ ആദ്യമായാണ്‌ മന്ത്രിസഭ ഒന്നടങ്കം വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ജനങ്ങളെ കേൾക്കാനുമായി മണ്ഡലങ്ങൾ തോറും പര്യടനം നടത്തുന്നത്‌. സർക്കാർ രണ്ടരവർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭാവിവികസനവും വിശദീകരിക്കാനും ജനങ്ങളുടെ കാഴ്‌ചപ്പാട്‌ അറിയാനുമാണ്‌ നവകേരള സദസ്സുകൾ. മണ്ഡലങ്ങൾ തോറും പതിനായിരങ്ങൾ പങ്കാളിയാകുന്ന  സദസ്സുകൾ ജനകീയ പങ്കാളിത്ത വികസനത്തിന്റെ പുതിയ മാതൃകയാണ്‌. 
ദിവസവും പ്രഭാതസംഗമത്തോടെയാണ്‌ പരിപാടികൾക്ക്‌ തുടക്കമാവുക. വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രമുഖരാണ്‌ പ്രഭാതസംഗമങ്ങളിലെത്തുക. സംരംഭകർ, കലാകാരന്മാർ, പൊതുപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, തൊഴിലുടമകൾ, തൊഴിലാളികൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർ പ്രഭാത കൂടിക്കാഴ്‌ചയുടെ ഭാഗമാകും. എല്ലാ സദസ്സുകളിലും മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. 
എല്ലാ മണ്ഡലങ്ങളിലും സർക്കാർ  തലത്തിലുള്ള വിപുലമായ സംഘാടക സമിതികൾ നിലവിൽ വന്നുകഴിഞ്ഞു. നവകേരളനിർമിതിയുടെ ഭാഗമായി  നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങൾ വിമർശനാത്മകമായി വിലയിരുത്തും. ഭാവിവികസനം സംബന്ധിച്ച  പൊതുസമൂഹത്തിന്റെ കാഴ്‌ചപ്പാടുകളുടെ അവതരണമായും സദസ്സ്‌ മാറും. പൊതുജനങ്ങൾക്ക്‌ അഭിപ്രായങ്ങളും ആവശ്യങ്ങളും അറിയിക്കാനുള്ള കൗണ്ടർ എല്ലാ വേദികളിലുമുണ്ടാകും. സദസ്സിന്റെ ഭാഗമായി എല്ലായിടത്തും കലാപരിപാടികളും സംഘടിപ്പിക്കും. 
സ്വാതന്ത്ര്യസമര സേനാനികൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, പൗരപ്രമുഖർ, മഹിളാ, യുവജന, വിദ്യാർഥി രംഗത്തെ ക്ഷണിക്കപ്പെട്ടവർ, ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ, പട്ടികജാതി–- പട്ടികവർഗ മേഖലയിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, പുരസ്‌കാര ജേതാക്കൾ, തെയ്യം കലാകാരന്മാർ, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവരെ സദസ്സിൽ പങ്കെടുപ്പിക്കുമെന്ന്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. മുഹമ്മദ്‌ റിയാസും കലക്ടറും 30നകം എല്ലാ മണ്ഡലങ്ങളിലുമെത്തി ഒരുക്കം വിലയിരുത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top