കോഴിക്കോട്
ബീച്ചിൽ കാറുകൾ നിർത്തിയിടാനുള്ള ഓപ്പൺ പാർക്കിങ് സംവിധാനത്തിന് ധാരണപത്രമായി. കോർപറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ തുറമുഖവകുപ്പും കോർപറേഷനും ധാരണപത്രം ഒപ്പുവച്ചു. ഗാന്ധിറോഡിൽ നാല് ഏക്കറിലാണ് കോർപറേഷൻ പാശ്ചാത്യനഗര മാതൃകയിൽ 700 കാർ നിർത്തിയിടാനുള്ള സംവിധാനം ഒരുക്കുന്നത്. ഗാന്ധിറോഡ് മേൽപ്പാലംമുതൽ ലയൺസ് പാർക്കുവരെയുള്ള സ്ഥലം ഇതിനായി പ്രയോജനപ്പെടുത്തും. പദ്ധതിപ്രദേശത്ത് ബോർഡ് സ്ഥാപിച്ചു. അടുത്തദിവസം ഭൂമി അളന്ന് തിട്ടപ്പെടുത്തും.
30 വർഷത്തേക്കാണ് തുറമുഖ വകുപ്പ് ഭൂമി വിട്ടുനൽകുക. ഭൂമി ബലപ്പെടുത്തി പൂട്ടുകട്ട വിരിച്ചാണ് ഓപ്പൺ പാർക്കിങ്. ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോനാട് ബീച്ചിന് സമീപം 200 ലോറികൾക്കുള്ള പാർക്കിങ്ങും സജ്ജമാക്കും.
മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനിൽ ഉദ്‌ഘാടനംചെയ്‌തു. മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളയും ഓൺലൈനായി പങ്കെടുത്തു. മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ ഒ പി ഷിജിന, പി ദിവാകരൻ, പി സി രാജൻ, കെ കൃഷ്‌ണകുമാരി, സെക്രട്ടറി കെ യു ബിനി, പോർട് ഓഫീസർ സെജോ ഗാർഡിയസ്, പോർട് കൺസർവേറ്റർ കെ മുഹമ്മദ് റാഫി, കോർപറേഷൻ അസിസ്റ്റന്റ് എൻജിനിയർ ഷഹിസ്‌ത ആയിഷ, സിറ്റി ട്രാഫിക് സബ് ഇൻസ്‌പെക്ടർ മനോജ് ബാബു തുടങ്ങിയവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..