04 December Monday
വികസനത്തിന്‌ വജ്രത്തിളക്കം

കരിങ്ങാലിമുക്ക് ഡയമണ്ട്‌ ലോക്ക് 
കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നു

സി രാഗേഷ്Updated: Saturday Sep 23, 2023

എടച്ചേരി കരിങ്ങാലിമുക്കിൽ പണിയുന്ന ഡയമണ്ട്‌ ലോക്ക് കം ബ്രിഡ്ജിന് വേണ്ടി നിർമിച്ച കൂറ്റൻ തൂണുകൾ

നാദാപുരം 
എടച്ചേരി പഞ്ചായത്തിന്റെ വികസനത്തിന് വേഗം പകർന്ന് കരിങ്ങാലിമുക്ക് ഡയമണ്ട്‌ ലോക്ക് കം ബ്രിഡ്ജിന്റെ നിർമാണം പുരോഗമിക്കുന്നു. കനാൽ വികസനവും പാലം പണിയും പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകാൻ ഒരുങ്ങുകയാണ്‌ പഞ്ചായത്തിലെ തുരുത്തി, കരിങ്ങാലിമുക്ക് പ്രദേശങ്ങൾ. മാഹിപ്പുഴയുടെ ഓരംചേർന്ന് കിലോമീറ്റർ നീണ്ടുകിടക്കുന്ന ഈ തീരപ്രദേശം സഞ്ചാരികളെ ആകർഷിക്കുംവിധം മനോഹരമാക്കും. നാടിന്റെ മുഖച്ഛായ മാറ്റുന്ന കൂറ്റൻ ഡയമണ്ട്‌ ലോക്ക് കം ബ്രിഡ്ജ് 2024 മേയിൽ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. 
എടച്ചേരി–-ഏറാമല പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാഹിക്കനാലിന് കുറുകെ കരിങ്ങാലിമുക്കിലാണ് ഓട്ടമാറ്റിക്ക് ഷട്ടർ സംവിധാനം  ഉൾപ്പെടെയുള്ള പാലത്തിന്റെ ജോലി തുടരുന്നത്. കളിയാംവെള്ളി മുതൽ തുരുത്തി വരെയുള്ള കനാൽ നിർമാണം ഏതാണ്ട് പൂർത്തിയായി. കടലിൽനിന്ന്‌ പുഴയുടെ ഉൾഭാഗത്തേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനാണ് പാലത്തോടൊപ്പം പുഴയിൽ ഡയമണ്ട്‌ കം ലോക്ക്‌ നിർമിക്കുന്നത്. കനാലിന്റെ ഇരുകരയിലുമായി 150ൽ ഏറെ ഏക്കറിൽ നാളികേര കൃഷിയുണ്ട്. ഉപ്പുവെള്ളം കയറി തീരപ്രദേശത്തെ തെങ്ങ്‌ ഉൾപ്പെടെയുള്ള കൃഷികൾ നശിക്കുന്നത് പതിവായിരുന്നു. 
കനാൽ വികസനം പൂർത്തിയായാൽ ഇതുവഴി ബോട്ട് സർവീസ് ആരംഭിക്കാനാണ് പദ്ധതി. ബോട്ടുകൾ സഞ്ചരിക്കുമ്പോൾ ഇരുവശത്തേക്കും നീങ്ങിപ്പോകും വിധമുള്ള രണ്ട് ഷട്ടറാണ് നിർമിക്കുക. ഷട്ടറുകൾക്ക് മീതെ 65 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമാണം. ബോട്ടുകൾ കടന്നുപോകുമ്പോഴേക്കും ഷട്ടറുകൾ അടഞ്ഞുപോകുന്നതിനാൽ പുഴയിലേക്ക് ഉപ്പുവെള്ളമെത്തുന്നത് ഇല്ലാതാകും. പാലത്തിന്റെ മൂന്ന് കൂറ്റൻ തൂണുകളുടെ ജോലി ഇതിനകം പൂർത്തിയായി. ഇരുകരയിലുമുള്ള അപ്രോച്ച് റോഡിലേക്ക് പാലത്തിനെ ബന്ധിപ്പിക്കുന്ന രണ്ട് വലിയ അബട്ട്മെന്റുകളുടെ ജോലിയും പൂർത്തിയായി. പാലം നിർമാണം പൂർത്തിയാകുന്നതോടെ എടച്ചേരി, ഏറാമല പഞ്ചായത്തുകളിലെ ഗതാഗതക്കുരുക്കും പൂർണമായും  പരിഹരിക്കപ്പെടും. കളിയാംവെള്ളി മാഹിക്കനാലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഇതുവഴി ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് ആരംഭിക്കും. കാർഷിക, ഗതാഗത രംഗങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന ലോക്ക് കം ബ്രിഡ്ജിന്റെ സിവിൽ വർക്ക് ഏറ്റെടുത്തത് കാസർകോട്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ്. 30.33 കോടി രൂപയാണ് പദ്ധതി തുക.ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ ഐ വി സുശീലിന്റെ മേൽനോട്ടത്തിലാണ് പാലം നിർമാണം പുരോഗമിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top