കോഴിക്കോട്
കേരളത്തിന് അക്ഷരവെളിച്ചം കൊളുത്തിയ സാക്ഷരതാ പ്രേരക്‌മാരെ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലാക്കിയുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദത്തോടെ പ്രേരക്‌മാർ. കാൽനൂറ്റാണ്ടായി കർമരംഗത്തുള്ള 1671 പ്രേരക്‌മാരാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പുനർവിന്യാസ ഉത്തരവിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലായത്.
2008ൽ കേന്ദ്രസർക്കാർ കേരളത്തിൽ സാക്ഷരതാ പദ്ധതി അവസാനിപ്പിച്ചപ്പോൾ പത്താംതരം, ഹയർ സെക്കൻഡറി ഉൾപ്പടെ സാക്ഷരതാ തുടർവിദ്യാഭ്യാസപദ്ധതികൾ പ്രഖ്യാപിച്ച് എൽഡിഎഫ് സർക്കാർ പ്രേരക്‌മാരെ സംരക്ഷിക്കുകയായിരുന്നു. ‘‘പുതിയ തീരുമാനത്തിലൂടെ ഞങ്ങളും കുടുംബവും വീണ്ടും കരകയറുകയാണ്. അ തിയായ സന്തോഷം’’ –- കോഴിക്കോട് കോർപറേഷനിലെ പ്രേരകും പ്ലസ് ടു തുല്യതാ കോ ഓർഡിനേറ്ററുമായ പി പരിമള പറഞ്ഞു.
2017ലാണ് ഒടുവിൽ വേതനം വർധിപ്പിച്ചത്. പ്രേരക്‌മാർക്ക് 12,000, അസി. പ്രേരകിന് 10,500 നോഡൽ പ്രേരകിന് 15,000 എന്നിങ്ങനെയാണ് വേതനം. സാക്ഷരതാമിഷന്റെ വരുമാനവും സർക്കാർ വിഹിതവും ചേർത്താണ് ഇത് നൽകിയിരുന്നത്.
അശാസ്ത്രീയമായ ടാർഗറ്റ് രീതി നടപ്പാക്കിയതോടെ വേതന വർധനവിന്റെ ഗുണം കിട്ടാതായി. വേതനം നൽകുന്നതിലും തടസ്സമുണ്ടായി. വർധിപ്പിച്ച വേതനം പൂർണമായി നൽകണമെന്നും പുനർവിന്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രേരകുമാരുടെ സംഘടന പത്തുമാസമായി സമരത്തിലാണ്.
‘‘സർക്കാർ തീരുമാനത്തിലൂടെ ജീവിതത്തിലെ അനിശ്ചിതാവസ്ഥയുടെ കാർമേഘങ്ങൾ ഒഴിഞ്ഞുപോവുകയാണ്’’–- വടകര മുനിസിപ്പാലിറ്റി നോഡൽ പ്രേരക് എം ഷാജി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..