18 December Thursday

എൻഐടി പരീക്ഷാ 
അട്ടിമറിയിൽ മിണ്ടാട്ടമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023
കോഴിക്കോട്‌
എൻഐടികളിലേക്ക്‌ സ്ഥിരം നിയമനത്തിനുള്ള പരീക്ഷകൾ തുടർച്ചയായി താളംതെറ്റുന്നതിന്‌ പിന്നിൽ ദുരൂഹത. കേന്ദ്ര സർക്കാരിനുകീഴിലെ സ്ഥാപനത്തിലെ നിയമനത്തിന്‌ നടക്കേണ്ട പരീക്ഷകളാണ്‌ അട്ടിമറിക്കപ്പെടുന്നത്‌. നിയമനത്തിന്റെ ആധികാരികത തന്നെ ചോദ്യംചെയ്യുന്ന നടപടിയാണ്‌ നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടേത്‌. 
എൻഐടികളിൽ അനധ്യാപക തസ്തികകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ നിരവധി ഉദ്യോഗാർഥികൾക്ക്‌ അവസരം നഷ്ടമായി. ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ടെക്നീഷ്യൻ, സീനിയർ അസിസ്റ്റന്റ് തുടങ്ങി എട്ട്‌ തസ്തികകളിലായിരുന്നു പരീക്ഷ. കേരളത്തിന്‌ പുറത്തുനിന്ന്‌ നിരവധിപേർ എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റ്‌ വൈകിപ്പിച്ചും ആദ്യ നൽകിയ ഹാൾടിക്കറ്റിലെ പരീക്ഷസമയം  രാത്രി വൈകി മാറ്റിയുമാണ്‌ പരീക്ഷ എഴുതാനെത്തിയവരുടെ അവസരം നഷ്ടമാക്കിയത്‌.  കൂടാതെ നിപാ നിയന്ത്രിത മേഖലയായ ഫറോക്കിലെ പരീക്ഷാകേന്ദ്രം അവസാനനിമിഷം മാറ്റിയും ഉദ്യോഗർഥികളെ വട്ടം കറക്കി. 
കഴിഞ്ഞ ജൂലൈയിൽ നടന്ന എൻഐടിയിലെ അനധ്യാപക തസ്‌തികയിലേക്കുള്ള പരീക്ഷയും വിവാദമായിരുന്നു. ഹരിയാന സ്വദേശികളായ രണ്ടുപേരെ ഹൈടെക്‌ കോപ്പിയടിക്ക്‌ പിടികൂടിയെങ്കിലും  കേസ്‌  പൊലീസിന്‌ കൈമാറിയില്ല.  യാതൊരു ക്രമീകരണവുമില്ലാതെ ക്ലാസ്‌ മുറിയിൽ ഉദ്യോഗാർഥികൾ കൂട്ടമായി ഇരുന്നാണ്‌ പരീക്ഷ എഴുതിയതെന്നും ആരോപണമുയർന്നിരുന്നു.    ഇത്രയേറെ വിവാദമായിട്ടും പരീക്ഷ റദ്ദാക്കിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top