കോഴിക്കോട്
പ്രായമായ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെത്തി സഹായം ആവശ്യപ്പെടുകയും അവരുടെ ശ്രദ്ധയിൽപ്പെടാതെ മൊബൈൽഫോൺ മോഷ്ടിക്കുകയും ചെയ്യുന്ന യുവാവിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തു. ചക്കുംകടവ് ആനമാട് സുബൈദ മൻസിലിൽ ടി പി സുഹൈൽ (32) ആണ് അറസ്റ്റിലായത്. വെസ്റ്റ്ഹിൽ പീപ്പിൾസ് റോഡ് എൻ കെ നിവാസിൽ ദേവയാനിയുടെ വീട്ടിലെത്തിയ പ്രതി ബന്ധു ആശുപത്രിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പണം ഇല്ലെന്ന് അറിയിച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടുകാരി വെള്ളമെടുക്കാൻ അകത്തേക്ക് പോയ ഉടനെ മൊബൈൽഫോൺ മോഷ്‌ടിച്ച് കടന്നുകളയുകയായിരുന്നു. സമാനരീതിയിൽ പ്രതി പലരെയും കബളിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാളയം പച്ചക്കറി ഭാഗത്ത് പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് സുഹൈൽ. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.
ഇൻസ്‌പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എസ്‌സിപിഒമാരായ എം വി ശ്രീകാന്ത്, എം കെ സജീവൻ, ബബിത്ത് കുറുമണ്ണിൽ, സൈബർ സെല്ലിലെ പൊലീസുകാരനായ എം രാഹുൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..