20 April Saturday
അഞ്ചംഗ സംഘം പിടിയിൽ

ലോക്കിട്ട് കവർച്ച: 
ലോക്കാക്കി പൊലീസ്

സ്വന്തം ലേഖകൻUpdated: Friday Sep 23, 2022
കോഴിക്കോട്  
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകൾ,ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തിയ  അഞ്ചംഗ സംഘം പടിയിൽ. സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ചേവായൂർ ഇൻസ്പെക്ടർ കെ കെ ബിജുവിന്റെ കീഴിലുള്ള പൊലീസും ചേർന്ന് പൂളക്കടവിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ്‌ മൂന്നു സ്‌ത്രീകളടക്കമുള്ള സംഘം പിടിയിലായത്‌.  തമിഴ്നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂർ ഹുൻസൂർ സ്വദേശി മുരളി (37), കോലാർ മൂൾബാബിൽ സ്വദേശിനികളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻതോതിൽ കവർച്ച നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കവർച്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡിഐജി എ അക്ബർ  സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പിനു നിർദേശം നൽകിയിരുന്നു.  പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചതിൽ കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം ഇതരസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് കുന്നമംഗലം ബസ്‌സ്‌റ്റാൻഡിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ബസ്സിൽ കയറുന്ന സമയത്ത് കവർച്ച ചെയ്യുന്നതും കൂടെവന്ന ഒരാൾ നിരീക്ഷിക്കുന്നതായും പിന്നീട് എല്ലാവരും കർണാടക രജിസ്ട്രേഷൻ ടവേരയിൽ കയറി പോകുന്നതും പതിഞ്ഞിരുന്നു. തുടർന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസ്സിലാക്കിയ സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിഞ്ഞു.  ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ കർണാടക, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണവും  ആരംഭിച്ചു. 
കഴിഞ്ഞ ദിവസം  കർണാടക രജിസ്ട്രേഷനിലുള്ള കെ എ 45 എം 2830 നമ്പർ ടവേര  ജില്ലയിലേക്ക് പ്രവേശിച്ചതായി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ പട്രോളിങ്‌ നടത്തുന്നതിനിടയിൽ ചേവായൂർ പൊലീസ്  പൂളക്കടവ് ഭാഗത്ത് നിന്ന്‌  വാഹനവും പ്രതികളെയും പിടികൂടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top