25 April Thursday

കാട്ടാനകളെ ഇരട്ടപ്പേരിട്ട് 
വിളിക്കരുത്

പി പി സതീഷ് കുമാർUpdated: Tuesday May 23, 2023
കോഴിക്കോട് 
ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങൾ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. ആനയെ കൊലയാളി മൃഗമായി  വിശേഷിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ  നിതിൻ സിങ് വി സമർപ്പിച്ച നിവേദനത്തിലാണ്‌ നടപടി. കൊലയാളി, കൊലകൊല്ലി, ആനക്കലി, ആനപ്പക തുടങ്ങിയ പ്രയോഗങ്ങൾ ആനകളുടെ സ്വഭാവസവിശേഷതകൾക്ക് ചേരുന്നതല്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം പദപ്രയോഗങ്ങൾ പാടില്ലെന്ന് ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളെ അറിയിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും വനം മന്ത്രാലയത്തിനുവേണ്ടി എലിഫെന്റ്‌ പ്രോജക്ട് അധികൃതർ കൈമാറിയ  സർക്കുലറിൽ പറയുന്നു.  
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ  പശ്ചാത്തലത്തിലാണ് സർക്കുലർ. കുലീന സ്വഭാവമുള്ള വന്യജീവിയായ ആന മനുഷ്യർക്കും വിളകൾക്കും ജീവനോപാധികൾക്കും അപൂർവമായാണ് നാശനഷ്ടമുണ്ടാക്കുക. ഹിന്ദി മാധ്യമങ്ങളിലെ പദപ്രയോഗങ്ങൾ ഉദാഹരിച്ചാണ് 2021 ആഗസ്തിൽ സങ് വി നിവേദനം നൽകിയത്.
മലയാള മാധ്യമങ്ങളിൽ സമീപകാലത്ത് ഇത്തരം പ്രയോഗങ്ങളും ഇരട്ടപ്പേരുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കേരള വനം വകുപ്പും ഈ  നിർദേശങ്ങൾ നടപ്പാക്കും. വനം വന്യജീവി സംഘർഷങ്ങളിൽ ജനവികാരം മാത്രം മുൻനിർത്തിയുള്ള മാധ്യമപ്രവർത്തനം വന്യജീവികളുടെ സംരക്ഷണത്തിന് തടസ്സമാവുമെന്ന വിലയിരുത്തലിലാണിത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top