27 April Saturday
കുതിപ്പിന് കരുത്തേകി ജില്ലാ പഞ്ചായത്ത് ബജറ്റ്

ഇതാ, കോഴിക്കോടൻ ബ്രാൻഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ ബജറ്റ് അവതരിപ്പിക്കുന്നു

കോഴിക്കോട്‌
വികസനവും ക്ഷേമവും കാർഷികമേഖലയുടെ വളർച്ചയും സാധ്യമാക്കുന്ന സമഗ്രപദ്ധതികൾ. കർഷകരെ വിജയപഥത്തിലേക്ക്‌ കൈപിടിച്ചുയർത്തുന്ന നൂതന സംരംഭങ്ങൾ. ലിംഗനീതിയും സമത്വവും ഉറപ്പാക്കുന്ന ഇടപെടലുകൾ. അശരണരെ ചേർത്തുപിടിച്ച്‌ അതിദാരിദ്ര്യ നിർമാർജനം. കോഴിക്കോടിന്റെ കുതിപ്പിന്‌ കരുത്ത്‌ നൽകുന്നതാണ്‌ ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌.   
 2023–-24ലെ ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദനാണ്‌ അവതരിപ്പിച്ചത്‌. പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ ബ്രാൻഡിൽ കാർഷികോൽപ്പന്നം വിപണിയിലെത്തിക്കുന്നതാണ്‌ പ്രധാന പ്രഖ്യാപനം.  
മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം ഉൾപ്പെടെ നാടിന്‌ പ്രതീക്ഷയാകുന്ന പദ്ധതികളുമുണ്ട്‌. സമ്പൂർണ ക്യാൻസർ പരിചരണം, സമഗ്ര കായികവികസനം, പട്ടികജാതി–-പട്ടികവർഗ വിഭാഗം വനിതകൾക്ക്‌ തൊഴിൽ പരിശീലനം, സംരംഭത്തിന്‌ സഹായം, സമഗ്ര ജെൻഡർ വികസനം തുടങ്ങിയ പദ്ധതികൾ ബജറ്റിന്‌ തിളക്കമേകുന്നു. 
123.92 കോടി രൂപ വരവും 118.72 കോടി രൂപ ചെലവും 5.20 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്‌ 2023–-24ലെ ബജറ്റ്‌. 
ദീർഘവീക്ഷണമുള്ളതും സമഗ്രവികസനം ഉറപ്പാക്കുന്നതുമാണ്‌ ബജറ്റെന്ന വിലയിരുത്തലാണ്‌ ചർച്ചയിലും ഉയർന്നത്‌. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച്‌ എല്ലാ മേഖലയിലും വികസന പദ്ധതികൾ വിഭാവനംചെയ്യാനായെന്ന്‌ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി മികവിനെ യുഡിഎഫ്‌ അംഗങ്ങളുൾപ്പെടെ അഭിനന്ദിച്ചു. 
സ്ഥിരംസമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ സുരേഷ്‌ കൂടത്താംകണ്ടി, മുക്കം മുഹമ്മദ്‌, പി പി പ്രേമ, രാജീവ്‌ പെരുമൺപുറ, സി എം ബാബു, പി ഗവാസ്‌, ഐ പി രാജേഷ്‌, നാസർ എസ്‌റ്റേറ്റ്‌മുക്ക്‌ തുടങ്ങിയവർ സംസാരിച്ചു.
സ്കൂളുകളിൽ ഗാന്ധിയൻ ദർശനങ്ങളും ഭരണഘടനാ മൂല്യങ്ങളും പരിചയപ്പെടുത്തുന്ന പഠന പരിപാടികൾ ഒരുക്കുമെന്നും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ മറുപടിയിൽ പറഞ്ഞു. 4
5 സ്കൂളിലും ഗാന്ധി സ്മൃതി ശിൽപമൊരുക്കണമെന്ന മുക്കം മുഹമ്മദിന്റെ നിർദേശവും പരിഗണിച്ചു. 2022–-23ലെ പുതുക്കിയ ബജറ്റും 2023–-24ലെ ബജറ്റും ഭരണസമിതി യോഗം അംഗീകരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top