കോഴിക്കോട്
കോവിഡ് വ്യാപനം രൂക്ഷമായതോടെ ടൂറിസം കേന്ദ്രങ്ങളും നിർജീവമാകുന്നു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാരിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും നിർദേശം ഏറ്റെടുത്താണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നത്. കോവിഡ് അടച്ചുപൂട്ടലിനും നിയന്ത്രണങ്ങൾക്കുംശേഷം സജീവമായിത്തുടങ്ങിയ ടൂറിസം മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോപാർക്ക്, സാൻഡ് ബാങ്ക്‌സ്, തുഷാരഗിരി, അരീപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.
കാപ്പാട് ബീച്ചിൽ കഴിഞ്ഞ ഡിസംബറിൽ സന്ദർശിക്കാനെത്തിയത് 32,000 പേരായിരുന്നു. 7,30,000 രൂപയാണ് ഇവിടെനിന്ന് ഡിടിപിസിക്ക് വരുമാനമായി കിട്ടിയത്. ഈ മാസം അവസാനിക്കാൻ ഒരാഴ്‌ച മാത്രം ബാക്കി നിൽക്കുമ്പോഴും ഇത് യഥാക്രമം 23,000 പേരും 5,10,000 രൂപയും എന്ന നിലയിലാണ്. അരീപ്പാറ വെള്ളച്ചാട്ടം കാണാൻ കഴിഞ്ഞ മാസമെത്തിയത് 3900 ആളുകളായിരുന്നെങ്കിൽ ജനുവരിയിൽ 3400 ആയി. വരുമാനമാകട്ടെ 38,000–-ത്തിൽനിന്ന് 34000 ആയും ചുരുങ്ങി. സരോവരം ബയോപാർക്കിൽ വലിയ തോതിൽ ആളുകൾ എത്തുന്നത് അമ്പേ കുറഞ്ഞു. ഡിസംബറിൽ 23,000 പേരെത്തി. 4,80,000 രൂപ വരുമാനം കിട്ടിയത് ഇപ്പോൾ 17,000 പേരും 3,50,000 രൂപ വരുമാനവുമെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. സാൻഡ് ബാങ്ക്‌സിൽ 27,000 പേരാണ് ഡിസംബറിൽ സന്ദർശിക്കാനെത്തിയത്. ഇപ്പോഴത് 17,000 ആയി കുറഞ്ഞു. വരുമാനമാകട്ടെ 2,45,000–-ത്തിൽനിന്ന് 1,59,000 ആയും ചുരുങ്ങി.
ജനുവരിയിൽ സമൂഹവ്യാപനം അധികരിക്കുന്നതിനുമുമ്പ് എത്തിയവരുടെ കണക്കുകൂടി ചേർത്താണ് ജനുവരിയിലെ കണക്ക്. ഇത് ഒഴിച്ചുനിർത്തിയാൽ വരുമാനം ഗണ്യമായി കുറഞ്ഞെന്ന് അധികൃതർ പറയുന്നു.
പൂർണമായി അടച്ചിടലോ ആളുകളെ പ്രവേശിപ്പിക്കാതിരിക്കലോ ടൂറിസം മേഖലയുടെ നടുവൊടിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ബയോബബിൾ മാതൃകയിൽ ടൂറിസം മേഖലയ്‌ക്ക് ഉണർവ് നൽകാൻ കഴിഞ്ഞാൽ രോഗവ്യാപനമില്ലാതെ ടൂറിസം മേഖലയ്‌ക്ക് ഉണർവ് നൽകാൻ കഴിയുമെന്നും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..