25 April Thursday

ആറുവരി ബൈപാസ് അറപ്പുഴ പാലത്തിനൊപ്പം 
പുതിയ രണ്ടുപാലം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

രാമനാട്ടുകര–വെങ്ങളം ദേശീയപാത ബൈപാസ് ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി പുതിയ രണ്ടു പാലങ്ങൾ നിർമിക്കുന്ന അറപ്പുഴ പാലം മേഖല

 

രാമനാട്ടുകര
വെങ്ങളം–-രാമനാട്ടുകര ദേശീയപാത ബൈപാസ് ആറുവരിപ്പാതയാക്കി വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി ചാലിയാറിന് കുറുകെയുള്ള അറപ്പുഴ പാലത്തിനൊപ്പം രണ്ടു പുതിയ പാലങ്ങൾകൂടി നിർമിക്കും. നിലവിലെ പാലത്തിന് ഇരുവശത്തുമായാണ് ആറുവരിപ്പാതയ്ക്കനുസൃതമായി മറ്റു രണ്ടു പാലങ്ങൾ നിർമിക്കുക. ഇതിനായി  തയ്യാറാക്കിയ വിശദ രൂപരേഖ കൺസൾട്ടൻസി ദേശീയപാത അതോറിറ്റിക്ക് സമർപ്പിച്ചു. 
 അംഗീകാരമായാലുടൻ നിർമാണം തുടങ്ങിയേക്കും. വെങ്ങളം മുതൽ രാമനാട്ടുകര വരെ 28.4 കിലോമീറ്റർ ദേശീയപാത ബൈപാസ് 45 മീറ്റർ വീതിയിൽ ആറുവരിയാക്കി വികസിപ്പിക്കുന്നതിനായി 1853 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പാത വീതികൂട്ടുന്നതിനൊപ്പം നിലവിലുള്ള പാലങ്ങൾ, മേൽപ്പാലങ്ങൾ എന്നിവയ്ക്ക് സമാനമായും പാലങ്ങൾ  ആവശ്യമാണ്. ഇതനുസരിച്ചാണ് അറപ്പുഴയിൽ പുതിയ പാലവും രാമനാട്ടുകരയിൽ നിലവിലെ മേൽപ്പാലത്തിന് സമാനമായി രണ്ടാമതൊരു മേൽപ്പാലവും നിർമിക്കുന്നത്.
ഇപ്പോഴുള്ള പാലത്തിന് പടിഞ്ഞാറുഭാഗത്ത് 287 മീറ്റർ നീളത്തിൽ 15.5 മീറ്ററും കിഴക്ക് വശം 12.5 മീറ്ററും വീതിയിൽ എട്ടു സ്പാനുകളോടെയാകും നിർമാണം.
പാലം നിർമാണത്തിനുമുമ്പേ ഇരുകരകളിലും റോഡ് വീതികൂട്ടുന്നതിനായി മണ്ണിട്ടു നിരപ്പാക്കൽ അതിവേഗം പുരോഗമിക്കുകയാണ്. ഇതോടൊപ്പം തൊണ്ടയാട് മുതൽ രാമനാട്ടുകര വരെയും പാത വീതികൂട്ടലിനായുള്ള കുന്നിടിച്ച് നിരത്തലും നിരപ്പാക്കലുമെല്ലാം വിവിധ സ്ഥലങ്ങളിലായി നടക്കുന്നുണ്ട്.
രാമനാട്ടുകര മേൽപ്പാലത്തിനൊപ്പം രണ്ടാമതു നിർമിക്കുന്ന മേൽപ്പാലത്തിനായുള്ള പൈലിങ്ങും തുടരുകയാണ്. രണ്ടു വർഷത്തിനകം നിർമാണം പൂർത്തിയാക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top