20 April Saturday

ഖാദിയിൽ നിറയും ഫാഷൻ വിസ്‌മയങ്ങൾ

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022
കോഴിക്കോട്‌
മലയാളിയുടെ സ്വന്തം ഖാദിക്ക്‌ ഇനി പുതിയ വർണരൂപങ്ങൾ. പുത്തൻ തലമുറയെ ആകർഷിക്കുംവിധത്തിൽ വസ്‌ത്രങ്ങളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്താനൊരുങ്ങുകയാണ്‌ ഖാദി. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷൻ ടെക്നോളജിയുമായി കൈകോർക്കുകയാണ്‌ ഖാദി ഗ്രാമ വ്യവസായ ബോർഡ്‌. 
ചൂടിലും  തണുപ്പിലും ഒരുപോലെ സുഖംപകരുന്ന ഖാദി വസ്‌ത്രങ്ങൾക്ക്‌ ആരാധകർ ഏറെയുണ്ട്‌. എന്നാൽ, പുതുതലമുറ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ല. പൊതുവിപണിയിൽ ഇറങ്ങുന്ന ട്രെൻഡുകളോട്‌ കിടപിടിക്കാൻ കഴിയാത്തതാണ്‌ ഇതിനുകാരണം. 
ഖാദിയിൽ ഏറ്റവുമധികം വിൽപ്പന നടക്കുന്ന തുണിത്തരങ്ങളിലൊന്നാണ്‌ കുപ്പടം മുണ്ടുകൾ. എന്നാൽ, ഇളംതലമുറ ഇതിനോട്‌ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്ന്‌ അധികൃതർ പറയുന്നു. മറ്റ്‌ പല തുണിത്തരങ്ങളിലും ഇതേ അവസ്ഥയുണ്ട്‌.
ഓരോ താലൂക്കിലും ഖാദി ഷോറൂം ആരംഭിച്ച്‌ അവിടെ ഫാഷൻ ഡിസൈനർമാരെ നിയോഗിക്കാനാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. ഉപഭോക്താക്കളുടെ താൽപ്പര്യമനുസരിച്ച്‌  വസ്‌ത്രം രൂപകൽപ്പന ചെയ്‌ത്‌ നൽകാനാകും. ഇത്‌ കൂടുതൽ ചെറുപ്പക്കാരെ ഖാദിയിലേക്ക്‌ ആകർഷിക്കുമെന്നാണ്‌ പ്രതീക്ഷ.
ഖാദി വിവാഹസാരികൾ ഇതിനകം തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്‌. പട്ടുസാരിക്കുപുറമെ ക്രിസ്‌ത്യൻ വിവാഹവേളകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ഗൗണുകളും മറ്റും താൽപ്പര്യമനുസരിച്ച്‌ ചെയ്‌ത്‌ കൊടുക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നുണ്ടെന്ന്‌ ഖാദി ഗ്രാമവ്യവസായ ബോർഡ്‌ സെക്രട്ടറി ഡോ. കെ എ രതീഷ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top