26 April Friday

ലക്ഷ്യമിട്ടതിൽ 69 ശതമാനം പേർ വാക്‌സിനെടുത്തു

സ്വന്തം ലേഖികUpdated: Saturday Jan 23, 2021

 

കോഴിക്കോട്‌
ആദ്യ  അഞ്ച്‌ ദിവസം പിന്നിടുമ്പോൾ ജില്ലയിൽ  കോവിഡ്‌ വാക്‌സിൻ എടുത്ത ആരോഗ്യ പ്രവർത്തകരുടെ എണ്ണം 3824 ആയി. ഈ ദിവസങ്ങളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടതിൽ 69 ശതമാനം ആരോഗ്യ പ്രവർത്തകരാണ്‌ വാക്‌സിനെടുത്തത്‌. ദിവസം 100 പേർ വീതം 11 കേന്ദ്രങ്ങളിലായി മൊത്തത്തിൽ 5500 പേരാണ്‌ കുത്തിവെപ്പ്‌ എടുക്കേണ്ടത്‌. 
ജില്ലയിൽ 34055 ആരോഗ്യ പ്രവർത്തകരാണ്‌ ആകെ വാക്‌സിനായി രജിസ്‌റ്റർ ചെയ്‌തത്‌. ആദ്യ ദിവസങ്ങളിലേക്കാൾ കൂടുതൽ ആളുകൾ പിന്നീടുള്ള ദിവസങ്ങളിൽ എത്തുന്നുണ്ട്‌. ആദ്യ ദിവസം 800 പേരാണ്‌ വാക്‌സിനെടുത്തത്‌.  വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ പേരെത്തി. വെള്ളിയാഴ്‌ച 924 പേരെടുത്തു. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്‌ കോവിഡ്‌ വാക്‌സിൻ വിതരണം. 
അതേസമയം മുതിർന്ന ഡോക്ടർമാരുൾപ്പെടെ കുത്തിവെപ്പെടുക്കുമ്പോഴും ആരോഗ്യ പ്രവർത്തകരിൽ ചെറിയ വിഭാഗം വാക്‌സിനെടുക്കാൻ  വിമുഖത കാണിക്കുന്നുണ്ട്‌.  ജില്ലയിൽ ആർക്കും തന്നെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. ചില അസൗകര്യങ്ങൾമൂലം പ്രസ്‌തുത തിയ്യതികളിൽ കുത്തിവെപ്പെടുക്കാൻ സാധിക്കാത്തവരുമുണ്ട്‌. അവർക്ക്‌ പിന്നീട്‌ അതിനുള്ള സൗകര്യം ഒരുക്കാനാണ്‌ സാധ്യത. തിരുവനന്തപുരത്തിനൊപ്പം  പ്രതിദിനം ഏറ്റവും കൂടുതൽ വാക്‌സിൻ വിതരണം ലക്ഷ്യമിടുന്ന(1100) ജില്ലകളിലൊന്നാണ്‌ കോഴിക്കോട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top