19 April Friday

സഹ. ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ കോൺഗ്രസിൽ പൊട്ടിത്തെറി

സ്വന്തംലേഖകൻUpdated: Saturday Jan 23, 2021

 

കോഴിക്കോട്‌ 
ഡിസിസി ജനറൽ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ  കുരുവട്ടൂരിലെ കോൺഗ്രസിൽ പൊട്ടിത്തെറി. കുരുവട്ടൂർ സഹ. ബാങ്ക് തെരഞ്ഞെടുപ്പുമായി   ബന്ധപ്പെട്ട്‌  മത്സരിക്കുന്നവരെ പുറത്താക്കിയതിലാണ്‌ പ്രതിഷേധം.   കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ  പ്രസിഡന്റായ കുരുവട്ടൂർ  ബാങ്കിലാണ്  പ്രവർത്തകർ വിമതരായി മത്സരിക്കുന്നത്‌‌. സജീവ പ്രവർത്തകരായ ചെറുക്കാവിൽ കരുണാകരൻ നായർ, കാനാത്ത്‌ ചന്ദ്രൻ, എൻ പ്രമോദ്, സുജേഷ്‌ ആനന്ദ്‌ എന്നിവരാണ്‌  ഞായറാഴ്‌ച നടക്കുന്ന ബാങ്ക്‌ ഭരണസമിതിയിലേക്ക്‌‌ പത്രിക നൽകിയത്‌.  
ഡിസിസി ജനറൽ സെക്രട്ടറിയും  എ ഗ്രൂപ്പുകാരനുമായ പി എം  അബ്ദുറഹ്മാന്റെ പിടിവാശിയും ഏകപക്ഷീയമായ നിലപാടുമാണ് പ്രശ്‌നം വഷളാക്കിയതെന്നാണ്‌ പരാതി.   മറ്റു‌ പാർടികളൊന്നും മത്സര രംഗത്തില്ലെങ്കിലും  സ്വന്തക്കാരെ തിരുകിക്കയറ്റാനായി‌  പ്രവർത്തകരോട്‌ കൂടിയാലോചിക്കാതെ നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു. 
 ചേവായൂർ, മടവൂർ സഹകരണ ബാങ്കുകളിലേക്കും താലൂക്ക്‌ എംപ്ലോയീസ് പെൻഷനേഴ്സ് സൊസൈറ്റിയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ വിമതരായി മത്സരിച്ചവർക്കെതിരെ  നേതൃത്വം   നടപടിയെടുത്തിരുന്നില്ല.  എംപ്ലോയീസ്‌ പെൻഷനേഴ്‌സ്‌  സൊസൈറ്റിയിൽ വിമതനായി  മത്സരിച്ച് പരാജയപ്പെട്ട  പി എം അബ്ദുറഹ്മാനെ  സംരക്ഷിക്കുകയും  സാധാരണ പ്രവർത്തകരെ പുറത്താക്കുകയും ചെയ്യുന്ന ജില്ലാ നേതൃത്വത്തിനെതിരെയും അമർഷം പുകയുന്നു‌. 
 മത്സരിച്ചു എന്ന കാരണത്താൽ‌ സംഘടനയിൽ നിന്ന്‌ പുറത്താക്കുന്നതായാണ്‌  ഡിസിസി പ്രസിഡന്റ്‌ നൽകിയ കത്തിൽ പറയുന്നത്‌.  ഈ നിലപാടിൽ പ്രതിഷേധിച്ച്‌   ബൂത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള  പാർടി പദവികൾ  രാജിവെക്കാനൊരുങ്ങുകയാണ്‌ നിരവധി പ്രവർത്തകർ.  കുരുവട്ടൂരിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചതും‌ പി എം അബ്ദുറഹ്മാനായിരുന്നു. ഇവിടെ കനത്ത തോൽവിയാണ്‌ യുഡിഎഫിനുണ്ടായത്‌.  ഇത്‌‌ ചർച്ച ചെയ്യാനോ  ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ നടപടിക്കോ നേതൃത്വം തയ്യാറായിട്ടില്ല.  ഏകപക്ഷീയ നിലപാടിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധമാണുയരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top