25 April Thursday

കൊറിയർ വഴി ലഹരി; യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കോഴിക്കോട്‌
കൊറിയർ വഴി വിദേശത്തുനിന്ന്‌ വരുത്തിയ 320 എൽഎസ്‌ഡി സ്റ്റാമ്പുമായി   കുണ്ടായിത്തോട്  നന്തുണിപാടത്ത് കുന്നത്ത് പറമ്പ് വീട്ടിൽ സൽമാൻ ഫാരിസ് (25) അറസ്‌റ്റിൽ.  പാഴ്‌സൽ വാങ്ങി ബൈക്കിൽ മടങ്ങുന്നതിനിടെ അരവിന്ദ്ഘോഷ് റോഡിൽ നിന്നാണ്‌  അറസ്‌റ്റിലായത്‌. പിടികൂടുമ്പോൾ 10.020 ഗ്രാം എംഡിഎംഎ, അഞ്ച്‌ കി.ഗ്രാം കഞ്ചാവ്, ഡിജിറ്റൽ ത്രാസ് എന്നിവയും കൈവശമുണ്ടായിരുന്നു. സ്‌റ്റാമ്പിന്‌ വിപണിയൽ രണ്ട്‌ ലക്ഷം രൂപ വിലവരും. എംഡിഎംഎക്ക്‌ അര ലക്ഷവും.  
പാഴ്സൽ തമിഴ്നാട്ടിൽനിന്നാണ്‌ വന്നത്‌. ബംഗളൂരുവിൽ എത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന കണ്ണിയാണ്‌ സൽമാൻ.  ലഹരിക്കടത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ച്‌ എക്‌സൈസിന്‌ സൂചന ലഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ പിടികൂടാൻ നീക്കമാരംഭിച്ചു.  ലഹരിക്കടത്തിന്‌ പിറകിൽ വിദേശബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. 
സംസ്ഥാന എക്സൈസ് എൻഫോഴ്സ്‌മെന്റ്‌ സ്‌ക്വാഡ് തലവൻ അസി. എക്സൈസ് കമീഷണർ അനികുമാറിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്‌ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ശരത്ബാബു , എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ പാർടിയും കോഴിക്കോട് എക്സൈസ് റേഞ്ച് പാർടിയും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്‌.  അസി. എക്സൈസ് ഇൻസ്പെക്ടർ മോഹൻദാസ്, പ്രിവന്റിവ് ഓഫീസർമാരായ പി മനോജ്, എം സജീവൻ, പി അനിൽദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി എസ് ദിലീപ് കുമാർ, പി കെ സതീഷ്, കെ ഗംഗാധരൻ, വി വി വിനു, മുഹമ്മദ് അബ്ദുൽ റൗഫ്, സി കെ സുരാജ്,  ഡ്രൈവർ എം എം ബിബിനീഷ്   എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top