07 May Tuesday

നടുവണ്ണൂരില്‍ വോളിബോൾ അക്കാദമി

സ്വന്തം ലേഖകന്‍Updated: Sunday Oct 22, 2023

നടുവണ്ണൂർ വോളിബോള്‍ അക്കാദമി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യുന്നു

നടുവണ്ണൂർ
ചിലരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി ദേശീയ ഗെയിംസിൽനിന്ന് വോളിബോളിനെ മാറ്റിനിർത്തിയതിനെതിരെ സംസ്ഥാനം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രതിഷേധം സ്പോർട്‌സ്‌ മന്ത്രാലയത്തെയും ഒളിമ്പിക്സ് കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ട്‌. 1350 കേന്ദ്രങ്ങളിൽ ഇ സ്പോർട്സ് സംവിധാനം നടപ്പാക്കുമെന്നും  ഈ സാമ്പത്തികവർഷം 113 ചെറിയ കളിക്കളങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കിഫ്ബി ഫണ്ടുപയോഗിച്ച് കാവുന്തറയിൽ നിർമിച്ച നടുവണ്ണൂർ വോളിബോൾ അക്കാദമി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കാവുന്തറ തെങ്ങിടപറമ്പിൽ വിലയ്ക്കുവാങ്ങിയ 75 സെന്റിൽ 10.63 കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് അക്കാദമി നിർമിച്ചത്.
കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എ പി എം മുഹമ്മദ് അഷറഫ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ടി  പി രാമകൃഷ്ണൻ എംഎൽഎ ഉപകരണങ്ങൾ ഏറ്റുവാങ്ങി. എം കെ രാഘവൻ എം പി മുഖ്യാതിഥിയായി. വോളി മുൻ ഇന്ത്യൻ ക്യാപ്റ്റനും അർജുന അവാർഡ്‌ ജേതാവുമായ ടോം ജോസഫ് ഇൻഡോർ കോർട്ട് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി പി ദാസൻ, ടി എം ശശി, കെ കെ ഷൈമ, ഇ അച്ചുതൻനായർ, ഇ കെ ഷാമിനി, ഒ എം കൃഷ്ണകുമാർ, ഒ ബാലൻനായർ, എം കെ പരീത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ സ്വാഗതവും വോളിബോൾ അക്കാദമി സെക്രട്ടറി കെ വി ദാമോദരൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top