06 December Wednesday
18 ഇന കർമപദ്ധതിയായി

നാട്‌ മാലിന്യമുക്തമാകും

സ്വന്തം ലേഖകൻUpdated: Friday Sep 22, 2023
കോഴിക്കോട്‌
മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തന കർമപദ്ധതി തയ്യാറായി. ഒക്‌ടോബർ രണ്ടിന്‌ ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങി ജനുവരി 30നകം പൂർത്തിയാക്കേണ്ട  18 ഇന കർമപദ്ധതിയാണ്‌ പ്രഖ്യാപിച്ചത്‌. ഓരോ പ്രവർത്തനവും തീർക്കേണ്ട കാലയളവും നിശ്ചയിച്ചിട്ടുണ്ട്‌.  അടുത്ത റിപ്പബ്ലിക്‌ ദിനത്തിൽ ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുകയാണ്‌ ലക്ഷ്യം.  
ഒക്ടോബർ ഒന്ന്‌, രണ്ട്‌ തീയതികളിൽ വിപുലമായ ശുചീകരണ യജ്ഞം നടക്കും. രാഷ്‌ട്രീയ–-മത–-സാമുദായിക–-യുവജന സംഘടനകൾ, കുടുംബശ്രീ, റിസഡന്റ്‌സ്‌ അസോസിയേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ ശുചീകരണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഖരമാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കും.  സ്‌കൂളുകളിൽ മാലിന്യ പരിപാലന പാഠശാല സംഘടിപ്പിക്കും. ‘ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം' പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് പ്രവർത്തന മികവടിസ്ഥാനത്തിൽ നക്ഷത്ര പദവി നൽകും. 
വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മാലിന്യം  കൈകാര്യം ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പാക്കും. സ്ഥാപനങ്ങൾക്ക്‌ ഹരിത സർട്ടിഫിക്കറ്റും ഗ്രേഡിങ്ങും നൽകും. തദ്ദേശസ്ഥാപനങ്ങളിൽ  പരിശോധനാ സംഘം രൂപീകരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കും. ചിക്കൻ വ്യാപാരികൾ ചിക്കൻ റെൻഡറിങ് ഏജൻസികളുമായി കരാർ ഉണ്ടാക്കിയെന്ന്‌ ഉറപ്പാക്കും.  പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കി സ്‌നേഹ ആരാമങ്ങൾ ഉണ്ടാക്കും. നിരീക്ഷണത്തിന്‌ സിസിടിവി ക്യാമറ സ്ഥാപിക്കും. വാർഡ്‌ തലത്തിൽ വിദ്യാർഥി–- യുവജന കൂട്ടായ്‌മ രൂപീകരിക്കും. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ അറിയിച്ചാൽ പിഴയുടെ 10 ശതമാനം പാരിതോഷികമായി നൽകും. ജലാശയങ്ങളിൽ നിന്നും ഖരമാലിന്യം നീക്കും. കമ്യൂണിറ്റി കംപോസ്‌റ്റിങ്‌ സംവിധാനം കാര്യക്ഷമമാക്കും. എംസിഎഫ്‌, ആർആർഎഫ്‌ കേന്ദ്രങ്ങൾ കുറ്റമറ്റതാക്കും. ഹരിത വാർഡ്‌സഭ ചേരും. നഗരസഭ, പഞ്ചായത്ത്‌, ബ്ലോക്ക്‌ തലങ്ങളിൽ സാനിറ്ററി മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കം. ഹരിതകർമസേനാംഗങ്ങൾക്ക്‌ വരുമാനവും സുരക്ഷയും ഉറപ്പാക്കും. മാലിന്യം തള്ളുന്നത്‌ തടയാൻ എൻഫോഴ്‌സ്‌മെന്റ്‌ പ്രവർത്തനം കാര്യക്ഷമമാക്കും. 
അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അധ്യക്ഷനായി. നവകേരളം കർമ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി ടി പ്രസാദ്, മാലിന്യമുക്തം നവകേരളം ജില്ലാ കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ  ജില്ലാ കോ ഓർഡിനേറ്റർ എം കെ ഗൗതമൻ, തദ്ദേശ വകുപ്പ് അസി. ഡയറക്ടർ പൂജലാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top