കോഴിക്കോട്
ഇൻഷുറൻസ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നതോടെ രാജ്യത്ത് 50 ലക്ഷം വരുന്ന എൽഐസി ഏജന്റുമാരുടെ ജോലി നഷ്ടമാകുമെന്ന ആശങ്ക ശക്തം. കേരളത്തിൽ മാത്രം നാലു ലക്ഷത്തിലേറെ ഏജന്റുമാരുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും എൽഐസി ഓഹരി ഉടമകൾക്കും വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരത്തിൽ പോളിസി ഉടമകൾക്ക് നിലവിലുള്ള പല ആനുകൂല്യങ്ങളും നഷ്ടമാകും. ഇൻഷുറൻസ് നടത്തിപ്പ് ചെലവ് 45 ശതമാനത്തിൽനിന്നും 20–-30 ശതമാനമായി കുറയ്‌ക്കണമെന്നാണ് ഐആർഡിഎഐ ശുപാർശ.
ബീമാ സുഗം പോർട്ടലിൽ രാജ്യത്തെ എല്ലാ ഇൻഷുറൻസ് സേവനങ്ങളും ഒരു കുടക്കീഴിലാക്കുകയാണ് ലക്ഷ്യം. പോർട്ടൽ വഴി ആർക്കും ഓൺലൈൻ വഴി പോളിസി എടുക്കാം. ഇടനിലക്കാർ ആവശ്യമില്ല. ഇൻഷുറൻസ് ക്ലെയിം നൽകുന്നതിലും ഏജന്റുമാർ പുറത്താകും. നിലവിൽ ഏജന്റുമാർക്ക് ലഭിക്കുന്ന കമീഷൻ വെട്ടിക്കുറയ്‌ക്കാനും ശുപാർശയുണ്ട്.
ഭീമാ വാഹക് എന്ന പേരിൽ ഇ -പോളിസി ചേർക്കാൻ വില്ലേജ് അടിസ്ഥാനത്തിൽ കറസ്‌പോണ്ടന്റുമാരെ നിയമിക്കും. കരാർ അടിസ്ഥാനത്തിൽ തുച്ഛവേതനത്തിനാകും നിയമനം. ഇൻഷുറൻസ് സേവനങ്ങൾ പൂർണമായും ഇവർ വഴിയാകുന്നതോടെ ഭാവിയിൽ എൽഐസി ഓഫീസ് സംവിധാനം ഇല്ലാതാകും. ജീവനക്കാരുടെ എണ്ണവും കുറയും.
ഭീമാ വിസ്‌താർ എന്ന പേരിൽ സാമൂഹ്യ സുരക്ഷാ പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ജില്ലാ അടിസ്ഥാനത്തിൽ ഓരോ കമ്പനികൾക്ക് കൈമാറാനാണ് ശുപാർശ. ഇതോടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഈ മേഖലയിൽ പിടിമുറുക്കും. എൽഐസിയുടെ വിശ്വാസ്യതതന്നെ ഇല്ലാതാകും. എൽഐസി ഒഹരി ഉടമകൾക്ക് ലാഭം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭരണപരിഷ്‌കാരങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ലാഭവിഹിത പോളിസികൾ നിർത്തലാക്കി ലാഭരഹിത പോളിസികൾ പ്രോത്സാഹിപ്പിക്കാനാണ് നിർദേശം.
ലാഭവിഹിത പോളിസികളിൽ ലാഭവിഹിതത്തിന്റെ 90 ശതമാനം പോളിസി ഉടമകൾക്ക് ബോണസായി തിരിച്ചു ലഭിക്കും. എന്നാൽ, ലാഭരഹിത പോളസികളിൽ ഇത് ഓഹരി ഉടമകൾക്കാണ് ലഭിക്കുക. പോളിസി ഉടമകൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് ക്ലെയിം കുറച്ച് അൺ ക്ലെയിംഡ് ബിസിനസിലൂടെ ലാഭമുണ്ടാക്കാനാണ് നിർദേശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..