കോഴിക്കോട്
കാലുമാറിവന്നവർക്ക് ദേശീയ കൗൺസിൽ അംഗത്വമുൾപ്പെടെയുള്ള പദവികൾ നൽകിയതിൽ ബിജെപിയിൽ അമർഷം പുകയുന്നു. കാലുമാറ്റക്കാർക്ക് സ്ഥാനം നൽകിയപ്പോൾ പാർടിക്ക് വേണ്ടി ഇക്കാലമത്രയും പ്രവർത്തിച്ച നേതാക്കളെ തഴഞ്ഞെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സംസ്ഥാന സമിതി, സംസ്ഥാന കൗൺസിൽ എന്നിവയിലുൾപ്പെടെ നടത്തിയ കൂട്ടിച്ചേർക്കലാണ് ബിജെപിയിലെ ഗ്രൂപ്പുകളെ വീണ്ടും പ്രകോപിപ്പിച്ചത്. കേരളാ കോൺഗ്രസ് നേതാവ് വിക്ടർ ടി തോമസിനെ ദേശീയകൗൺസിൽ അംഗമാക്കിയതിലാണ് വലിയ വിമർശം. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ രണ്ട് മാസം മുമ്പാണ് ബിജെപിയിൽ ചേക്കേറിയത്. ജനതാദൾ വിട്ടെത്തിയ പാലോട് സന്തോഷിനെ സംസ്ഥാന വക്താവാക്കി.
മറ്റൊരു സംസ്ഥാന വക്താവാക്കിയ അഡ്വ. ശ്രീപത്മനാഭന്റെ യോഗ്യത സുരേന്ദ്രന്റെ നാട്ടുകാരനാണെന്നത് മാത്രമാണെന്നും ഒരുവിഭാഗം ആരോപിക്കുന്നു.
വക്താക്കളായിരുന്ന സന്ദീപ്‌വാര്യർ, പി ആർ ശിവശങ്കർ എന്നിവരെ സുരേന്ദ്രൻ വിരുദ്ധരായതിനാൽ നേരത്തേ ഒഴിവാക്കിയിരുന്നു. പകരംവന്നവർ പാർടിയിലും പുറത്തും മേൽവിലാസമില്ലാത്തവരെന്നാണ് പി കെ കൃഷ്‌ണദാസ്–- ശോഭ സുരേന്ദ്രൻ വിഭാഗത്തിന്റെ അഭിപ്രായം. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കും എ പി അബ്ദുള്ളക്കുട്ടിക്കും ഉന്നത പദവികൾ നൽകിയതിൽ ബിജെപിയുടെയും ആർഎസ്‌എസിന്റെയും നേതൃതലത്തിൽ നീരസം ശക്തമാണ്. ഇതിനിടയിലാണ് വീണ്ടും പുത്തൻകൂറ്റുകാർക്ക് സ്ഥാനദാനമുണ്ടായത്.
പുതുതായി സെൽ ഭാരവാഹികളാക്കിയ 22പേരിൽ ഭൂരിഭാഗവും സുരേന്ദ്രന്റെ നോമിനികളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാരണം നീട്ടിക്കിട്ടിയ പ്രസിഡന്റ് പദവിയിലിരുന്ന് സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിൽ എതിർവിഭാഗമാകെ രോഷത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..