26 April Friday

2532 പുഞ്ചിരികുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
സ്വന്തം ലേഖിക
കോഴിക്കോട്‌ 
തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ ഒന്നൊന്നായി പൂർത്തീകരിച്ച്‌ രണ്ടാം എൽഡിഎഫ്‌ സർക്കാർ. അർഹരായ എല്ലാവർക്കും വീടൊരുക്കാനുള്ള ‘ലൈഫ്‌ 20–-20’യിൽ ഒരു വർഷംകൊണ്ടുയർന്നത്‌ 2532 വീടുകൾ. പിഎംഎവൈയിലുള്ള വീടുകൾ ഉൾപ്പെടെയാണിത്‌. പട്ടികജാതി–-വർഗം, ഫിഷറീസ്‌ വിഭാഗങ്ങളിലായി 407 വീടുകളാണുയർന്നത്‌. ഓരോ വീടിനും ഗ്രാമ–- ബ്ലോക്ക്‌–- ജില്ലാപഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉൾപ്പെടെ നാല്‌ ലക്ഷം രൂപ പദ്ധതികളിലൂടെ നൽകുന്നു. 
പട്ടികയിൽ ഉൾപ്പെട്ടവർക്ക്‌ 31നുള്ളിൽ എഗ്രിമെന്റ്‌വച്ച്‌ പണി ആരംഭിക്കാം.  
പുതിയ പട്ടിക 
ആഗസ്‌ത്‌ 5ന്‌ 
പുതിയ സാമ്പത്തിക വർഷത്തിൽ ലൈഫിൽ ഇടംനേടിയവരുടെ അന്തിമ പട്ടിക ആഗസ്‌ത്‌ അഞ്ചിന്‌ പ്രസിദ്ധീകരിക്കുമെന്ന്‌ ലൈഫ്‌ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ ജെ ടോമി പറഞ്ഞു. 41,815 ഭവനരഹിതരും 12,508  ഭൂരഹിതരുമാണ്‌ അപേക്ഷ നൽകിയത്‌. ഇതിന്റെ ആദ്യഘട്ട പരിശോധന കഴിഞ്ഞു. അർഹരായവരുടെ പട്ടിക കലക്ടറുടെ നേതൃത്വതത്തിൽ പുനഃപരിശോധിക്കുകയാണിപ്പോൾ. ഇത്‌ ജൂൺ ആറിനുള്ളിൽ പൂർത്തിയാക്കും. 794 അപേക്ഷകൾ നഗരസഭകളിൽ പരിശോധനക്ക്‌ ബാക്കിയുണ്ട്‌. 
പട്ടികയുടെ കരട്‌ ജൂൺ 14ന്‌ പ്രസിദ്ധീകരിക്കും. പരാതിയുള്ളവർക്ക്‌ അപ്പീൽ പോകാനും സൗകര്യമുണ്ട്‌. ഒന്നാം അപ്പീൽ ജൂൺ 24നും രണ്ടാംഘട്ടം 30നുള്ളിലും തീർപ്പുണ്ടാക്കും. ഗ്രാമ–- വാർഡ്‌ സഭകളുടെ സൂക്ഷ്‌മ പരിശോധനകൾക്ക്‌ ശേഷം അന്തിമപട്ടികക്ക്‌ രൂപംനൽകും. 
ഫ്ലാറ്റുകൾ നിർമാണം തുടങ്ങി 
വീടും സ്ഥലവും ഇല്ലാത്തവർക്കായി ലൈഫ്‌ പദ്ധതിയിലൂടെ നൽകുന്ന ഫ്ലാറ്റ്‌ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്‌. നടുവണ്ണൂർ പഞ്ചായത്തിലെ മന്ദങ്കാവിൽ 72ഉം ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട്‌ 42ഉം കുടുംബങ്ങൾക്കാണ്‌ ഭവന സമുച്ചയം ഒരുങ്ങുന്നത്‌. ചാത്തമംഗലത്ത്‌ ആദ്യനിലയുടെ നിർമാണം പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top