24 April Wednesday

ഇന്ന് 
ലോക 
ജലദിനംജലപാതയിൽ കുതിക്കാം

സി പ്രജോഷ്‌ കുമാർUpdated: Wednesday Mar 22, 2023

വടകര–മാഹി കനാലിന്റെ കോട്ടപ്പളളി ഭാഗം

കോഴിക്കോട്‌
സംസ്ഥാനത്തിന്റെ ഗതാഗത ചരിത്രത്തിൽ വഴിത്തിരിവാകുന്ന വടകര–- മാഹി ജലപാത  നിർമാണം അതിവേഗം. വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കനാൽ  ഗതാഗതത്തിനൊപ്പം വാണിജ്യ –- വ്യവസായ രംഗത്തിനും വിനോദസഞ്ചാര മേഖല‌ക്കും  കരുത്താകും. മൂഴിക്കലിൽനിന്ന്‌ തുടങ്ങി തുരുത്തിമുക്കിൽ അവസാനിക്കുന്ന കനാൽ സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ തിരുവനന്തപുരം–- കാസർകോട്‌ വെസ്‌റ്റ്‌കോ‌സ്റ്റ്‌ കനാലിന്റെ ഭാഗമാണ്‌. 
   കോസ്‌റ്റൽ ഷിപ്‌ ആൻഡ്‌ ഇൻലൻഡ്‌ നാവിഗേഷനാണ്‌ നടത്തിപ്പ്‌ ചുമതല.  2025ൽ ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
 
വരുന്നത്‌ 
ഒമ്പത്‌ പാലങ്ങൾ 
വടകര-–-മാഹി കനാലിൽ ആകെയുള്ള ഒമ്പത്‌ പാലങ്ങളിൽ പറമ്പിൽ, കല്ലേരി പാലങ്ങൾ പൂർത്തിയായി. മൂന്നെണ്ണത്തിന്റെ നിർമാണം തുടങ്ങി. ഇതിൽ മൂഴിക്കൽ, വെങ്ങോലി പാലങ്ങൾ ലോക്‌ കം ബ്രിഡ്‌ജാണ്‌. കളിയാംവള്ളി, കോട്ടപ്പള്ളി, തയ്യിൽപ്പാലം എന്നിവയുടെ  ഡിസൈൻ തയ്യാറായി. അന്തിമ അനുമതി ലഭിക്കാനുണ്ട്‌. ഒന്ന്‌, അഞ്ച്‌ റീച്ചുകളിൽ  സ്ഥലം ഏറ്റെടുക്കാനുണ്ട്‌. ഇതിന്‌ സർക്കാർ 25.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പണം ലഭിച്ചാൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്‌ കടക്കും. അതോടെ പാലം നിർമാണം തുടങ്ങും. 
 
അഞ്ച്‌ റീച്ചുകൾ
കുറ്റ്യാടി–- മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര–- മാഹി കനാൽ നിർമാണം അഞ്ച്‌ റീച്ചുകളിൽ എട്ട്‌ പ്രവൃത്തികളായാണ്‌ നടക്കേണ്ടത്‌. ഇതിൽ അഞ്ച്‌ പ്രവൃത്തികളുടെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. മൂഴിക്കൽ പാലം ഭാഗത്ത്‌ ഭൂമിയുടെ നഷ്ടപരിഹാര വിതരണം തുടങ്ങി.  ബാക്കി ഒന്ന്‌, അഞ്ച്‌ റീച്ചുകളിൽ സർക്കാർ നഷ്ടപരിഹാരത്തുക അനുവദിച്ചു. 
മൂഴിക്കൽ–- കന്നിനട ഒന്നാം റീച്ചിൽ  നിർമാണം ഭാഗികമായി പൂർത്തിയായി.  പ്രവൃത്തികൾക്ക്‌ 21.8 കോടി രൂപയുടെ ഭരണാനുമതിയായി. കനാൽ വീതി കൂട്ടലും ആഴം വർധിപ്പിക്കലും കലുങ്ക്‌ നിർമാണവും പുരോഗമിക്കുന്നു.  
കന്നിനട–- നരിക്കോത്ത്‌താഴം രണ്ടാം റീച്ചിൽ നിർമാണം പൂർത്തിയായി (3.3 കി.മീറ്റർ). നരിക്കോത്ത്‌ താഴം–- കല്ലേരി മൂന്നാം റീച്ചിൽ ചേരിപ്പൊയിൽ ഭാഗത്ത്‌ 800 മീറ്ററിൽ സംരക്ഷണഭിത്തിക്ക്‌ 161 കോടി രൂപയുടെതാണ്‌ എസ്‌റ്റിമേറ്റ്‌. കൂടുതൽ  ചെലവു കുറഞ്ഞ ഡിസൈൻ തയ്യാറാക്കാൻ കിഫ്‌ബി ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്‌.   കല്ലേരി–- കളിയാംവള്ളി നാലാം റീച്ചിൽ 50 ശതമാനം പ്രവൃത്തികളും പൂർത്തിയായി.  കണിയാംപള്ളി–- തുരുത്തിമുക്ക്‌ അഞ്ചാം റീച്ചിൽ 2.5 കി.മീറ്ററിൽ പ്രവൃത്തി പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top