24 April Wednesday

കേരളത്തിലെ ആദ്യ കിഴക്കുപടിഞ്ഞാറ് ഇടനാഴി ഈ വർഷം

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

‘യുഎൽസിസിഎസ് – മാറ്റർലാബ് ടെക് ടോക്ക് സീരീസ്’ യുഎൽ സൈബർ പാർക്കിൽ ദേശീയപാത അതോറിറ്റി അംഗം 
ആർ കെ പാണ്ഡേ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്
ദേശീയപാതക്കുപുറമെ കേരളത്തിൽ പണിയുന്ന മൂന്ന്‌ കിഴക്കുപടിഞ്ഞാറ് ഇടനാഴിയുടെ നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അംഗം ആർ കെ പാണ്ഡേ പറഞ്ഞു. ആറുവരി മുഖ്യപാതയും ഇരുവശത്തും രണ്ടുവരി വീതം സർവീസ് റോഡും അടക്കം 10 വരിയിലാണ് ദേശീയപാത വികസനം.
ഇതിന്റെ എല്ലാ റീച്ചും ടെൻഡർ ചെയ്ത് പണി തുടങ്ങി. ഇതിനുപുറമെയാണ് മൂന്ന് ഇടനാഴികളെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും മാറ്റർലാബും ചേർന്നു നടത്തുന്ന സാങ്കേതികവിദ്യാ പ്രഭാഷണപരമ്പരയായ ‘യുഎൽസിസിഎസ് – മാറ്റർലാബ് ടെക് ടോക്ക് സീരീസ്’ യുഎൽ സൈബർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡ്‌ നിർമാണത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴും നിർമാണച്ചെലവ്‌ കുറയ്ക്കാനും വേഗത്തിലാക്കാനും പരിപാലനത്തിനും ആശിച്ച വേഗമില്ല. ഇതിന്‌  പുതിയ സങ്കേതങ്ങളും യന്ത്രസംവിധാനങ്ങളും നിർമാണസാമഗ്രികളും വികസിപ്പിക്കണം. എന്നാൽ, എൻജിനിയറിങ് -രംഗത്ത് നിർവഹണവും അക്കാദമികവും തമ്മിൽ വലിയ വിടവുണ്ട്. ഇത് നിർമാണമേഖല നേരിടുന്ന ഗൗരവമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
  ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അധ്യക്ഷനായി. യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, മാറ്റർലാബ് ജനറൽ മാനേജർ ഫ്രെഡി സോമൻ എന്നിവർ സംസാരിച്ചു.
മദ്രാസ് ഐഐടി സിവിൽ എൻജിനിയറിങ് പ്രൊഫ. ഡോ. മനു സന്താനവും ഐഐടി ഗുവാഹത്തിയിലെ സിവിൽ എൻജിനിയറിങ് പ്രൊഫ. ഡോ. എസ് ശ്രീദീപും ഐഐടി തിരുപ്പതി സിവിൽ ആൻഡ്‌ എൻവയണ്മെന്റൽ വകുപ്പിൽ അസി. പ്രൊഫസറായ ഡോ. എ വി രാഹുലും വിഷയം അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top