29 March Friday

ജില്ലയുടെ ദാഹമകറ്റാൻ 3212 കോടിയുടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
കോഴിക്കോട്‌
ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള സ്ഥിരം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം അന്തിമഘട്ടത്തിൽ. കുടിവെള്ളക്ഷാമത്തിൽനിന്നുള്ള സമ്പൂർണ മോചനം ലക്ഷ്യമിട്ടാണ്‌ 3212 കോടി രൂപയുടെ ജലജീവൻ പദ്ധതി ജല അതോറിറ്റി നടപ്പാക്കുന്നത്‌. മൂന്ന്‌ ഘട്ടങ്ങളായാണ്‌ പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്‌. അവസാനഘട്ട പദ്ധതിക്ക്‌  2738 കോടിയുടെ  സംസ്ഥാന സർക്കാർ അനുമതി ലഭിച്ചതോടെ പ്രവർത്തനം ഊർജിതമായി.  ജില്ലയിലെ 70 പഞ്ചായത്തുകളിലും പദ്ധതിയിൽ ഉൾപ്പെടുത്തി ശുദ്ധജലം ഉറപ്പാക്കും.  പെരുവണ്ണാമൂഴി ഡാമിൽനിന്ന്‌ ശുദ്ധീകരിച്ച്‌ ജപ്പാൻ കുടിവെള്ള പദ്ധതിവഴി  വെള്ളം വീടുകളിലെത്തിക്കുന്നതിനാണ്‌ ഒന്നാം ഘട്ടത്തിൽ പ്രധാന പരിഗണന നൽകിയത്‌. കോർപറേഷനിലേക്കും 16 പഞ്ചായത്തുകളിലേക്കുമാണ്‌ ഇത്തരത്തിൽ കുടിവെള്ള പൈപ്പ്‌ ലൈൻ സ്ഥാപിച്ചത്‌. ഇതിനായി 660 കോടി രൂപയാണ്‌ ചെലവിട്ടത്‌. 
രണ്ടാം ഘട്ടമായി ഏറ്റെടുത്ത നരിക്കുനി, നന്മണ്ട, ബാലുശേരി, കാക്കൂർ, കക്കോടി, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെ വീടുകളിലേക്കുള്ള പൈപ്പ്‌ ലൈൻ സ്ഥാപിക്കൽ 75 ശതമാനം പൂർത്തിയായി. കടലുണ്ടി പഞ്ചായത്തിലെ 500 വീടുകളിൽ മാത്രമാണ്‌ ഇനി വാട്ടർ കണക്‌ഷൻ നൽകാനുള്ളത്‌. ചേളന്നൂർ, തലക്കുളത്തൂർ പഞ്ചായത്തുകളിലും കണക്‌ഷൻ സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്‌. മലപ്പുറം ആസ്ഥാനമായുള്ള മിഡ്‌ലാന്റ്‌ കൺസ്‌ട്രക്‌ഷൻ കമ്പനിയാണ്‌ കരാർ ഏറ്റെടുത്തിട്ടുള്ളത്‌. എല്ലാവർക്കും ശുദ്ധജലം എന്ന ലക്ഷ്യത്തോടെയുള്ള മൂന്നാംഘട്ടം 2024 മാർച്ചിൽ പൂർത്തീകരിക്കുംവിധമാണ്‌ ജല അതോറിറ്റി ക്രമീകരിച്ചിട്ടുള്ളത്‌. സമയബന്ധിതമായി പദ്ധതി പുരോഗമിക്കുന്നതോടെ ജില്ലയിലെ കുടിവെള്ളക്ഷാമം പൂർണമായും ഇല്ലാതാവും. 
മഴമാറി മാസങ്ങൾക്കുള്ളിൽ ജലക്ഷാമം അനുഭവപ്പെടുന്ന മലയോരങ്ങളിൽ താമസിക്കുന്നവരും പദ്ധതിയുടെ ഗുണഭോക്താക്കളാവും. പദ്ധതിയിൽ  അംഗങ്ങളാവാൻ പഞ്ചായത്തുകളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്‌.  ജലജീവൻ പൂർണമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വർഷംതോറും വാഹനങ്ങളിലെത്തിച്ചുള്ള ജലവിതരണം അവസാനിപ്പിക്കാനാവും. ഇത്തരത്തിൽ ലക്ഷങ്ങളുടെ അധികചെലവ്‌ പഞ്ചായത്തുകൾക്ക്‌ ഒഴിവാക്കാൻ കഴിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top