19 April Friday

വേണം സൈക്കിൾ സവാരിക്കും ചട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
കോഴിക്കോട്‌
കുട്ടികളുൾപ്പെടെയുള്ള സൈക്കിൾ യാത്രികരുടെ സുരക്ഷയ്ക്ക്‌ ചട്ടങ്ങൾ നിർമിക്കുകയോ പരിഷ്‌കരിക്കുകയോ വേണമെന്ന്‌ ബാലാവകാശ കമീഷൻ. ഇതിനാവശ്യമായ നടപടിയെടുക്കാൻ  ഗതാഗത വകുപ്പ്‌ സെക്രട്ടറിക്കും ട്രാൻസ്‌പോർട്ട്‌ കമീഷണർക്കും കമീഷൻ അംഗം കെ നസീർ  നിർദേശം നൽകി.
റോഡ്‌ സുരക്ഷാ അതോറിറ്റി ബാലാവകാശ കമീഷന്‌ നൽകിയ സ്ഥിതി വിവര കണക്കനുസരിച്ച്‌ 2018ൽ 86 സൈക്കിൾ യാത്രികരാണ്‌ അപകടത്തിൽ മരിച്ചത്‌. 2019ൽ  നൂറും 2020ൽ 88ഉം പേർക്ക്‌ ജീവഹാനിയുണ്ടായി. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്‌ കൂടുതൽ സൈക്കിൾ യാത്രികർ മരിച്ചത്‌.
സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിവേണം ചട്ടങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കാൻ. രാത്രി സൈക്കിൾ യാത്ര നടത്തുന്നവർ റിഫ്ലക്ടറുകൾ ഘടിപ്പിക്കണം. മധ്യത്തിൽ ലൈറ്റ്‌ ഉണ്ടെന്ന്‌ ഉറപ്പാക്കണം. ഹെൽമെറ്റ്‌, റിഫ്ലക്ടഡ്‌ ജാക്കറ്റ്‌ എന്നിവ ധരിക്കണം. അമിത വേഗവും നിയന്ത്രിക്കണം, സൈക്കിൾ പൂർണമായും സുരക്ഷിതമാണെന്നും  ഉറപ്പാക്കണം. 
ദേശീയ പാതകളിലും മറ്റ്‌ റോഡുകളിലും സൈക്കിൾ യാത്രയ്‌ക്ക്‌ പ്രത്യേക ഭാഗം അടയാളപ്പെടുത്തി ട്രാക്ക്‌ സ്ഥാപിക്കണം. സൈക്കിൾ യാത്രയെക്കുറിച്ചും പാലിക്കേണ്ട സുരക്ഷ സംബന്ധിച്ചും വിദ്യാർഥികൾക്ക്‌ അവബോധവും പരിശീലനവും നൽകണം.
ട്രാഫിക്‌ പൊലീസ്‌ ഉദ്യോഗസ്ഥരെ സ്‌കൂൾ പരിസരത്തെ റോഡുകളിൽ ഡ്യൂട്ടിക്ക്‌ നിയോഗിക്കണം. കുട്ടികൾ സൈക്കിൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെയും  ട്രാഫിക്‌ നിയമങ്ങളെയുംകുറിച്ച്‌ ബോധവൽക്കരണ ക്ലാസുകൾ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top