28 March Thursday

ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണകേന്ദ്രം താൽക്കാലികമായി അടയ്‌ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

 

എലത്തൂർ
മലബാറിലെ അഞ്ചു ജില്ലകളിലേക്ക് ഇന്ധന വിതരണം നടത്തുന്ന എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ സംഭരണകേന്ദ്രം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്  താൽക്കാലികമായി അടച്ചിടുന്നു.  ഒന്നര വർഷമെങ്കിലും അടച്ചിടാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിർദേശം എച്ച്പിസിഎല്ലിന്റെ ചെന്നൈ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഫെബ്രുവരി ആദ്യവാരം മുതലാണ് ഡിപ്പോ അടയ്ക്കുന്നത്.   
കേന്ദ്രം അടയ്ക്കുന്നതോടെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക്  എറണാകുളത്തു നിന്നാകും ഇനി  ഇന്ധനം വിതരണം നടത്തുക.  ദിനംപ്രതി നാൽപ്പതോളം ടാങ്കറുകളിലായിരുന്നു എലത്തൂരിൽ നിന്ന് ഇന്ധനം കൊണ്ടുപോയിരുന്നത്. ഇപ്പോഴത് 30 എണ്ണമായി ചുരുങ്ങി.  
കാസർകോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിലെ പമ്പുകളിലേക്ക് ഇന്ധനമെത്തിക്കാനുള്ള ചരക്കുകൂലി കുറയുമെന്നതിനാലും എലത്തൂരിലെ ജനകീയ പ്രശ്‌നങ്ങളും മൂലം എലത്തൂർ ഡിപ്പോ പയ്യന്നൂരിലേക്ക് മാറ്റാൻ  ആലോചിച്ചിരുന്നു.  പല സാങ്കേതിക പ്രശ്‌നങ്ങളും ജനകീയ വിഷയങ്ങളും ഇതിന്‌ തടസ്സമായി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഇവിടെ കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിരവധി പ്രശ്‌നങ്ങൾ മറികടന്നാലേ പയ്യന്നൂരിലെ കേന്ദ്രം യാഥാർഥ്യമാവൂ. ഇതോടെയാണ്‌ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ എലത്തൂരിലെ ഡിപ്പോ അടയ്ക്കുന്നത്. എറണാകുളത്തെ ഇരുമ്പനത്തു നിന്നാവും മലബാറിലേക്കുള്ള പെട്രോളിയം ശേഖരിക്കേണ്ടി വരിക. 
എലത്തൂരിലെ ഡിപ്പോയിൽ ഇപ്പോൾ ഇന്ധനം സൂക്ഷിക്കുന്നതിന് ഭൂഗർഭ സംഭരണി നിർമിക്കുന്ന പ്രവൃത്തിയും അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള പാതയുടെ പ്രവൃത്തിയും നടക്കുന്നുവരികയാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top