19 April Friday

പച്ചക്കറി കൃഷിയിൽ ഗോത്രസമൂഹത്തിന്റെ വിജയഗാഥ

സ്വന്തം ലേഖകകൻUpdated: Friday Jan 22, 2021
 
നരിക്കുനി 
പച്ചക്കറികൃഷിക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദത്തിലാണ് നരിക്കുനി പഞ്ചായത്തിലെ വരിങ്ങിലോറമല ഗോത്ര സമൂഹത്തിലെ കർഷകർ. 2020ലെ മികച്ച ട്രൈബൽ ക്ലസ്റ്ററിന് 50,000 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. നരിക്കുനി അങ്ങാടിയിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ മലമുകളിൽ പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ അഞ്ച് ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കിയാണ് പച്ചക്കറിയുടെ പുതുവസന്തം തീർത്തത്. 
വാഹനസൗകര്യമോ ജലലഭ്യതയോ ഇല്ലാത്ത ഇവിടെ കൃഷിയോടുള്ള അടങ്ങാത്ത താൽപ്പര്യമാണ്‌ കഴിഞ്ഞവർഷം വിവിധ ഇനത്തിലുള്ള 20 ടണ്ണോളം പച്ചക്കറി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞത്. കോവിഡ്‌ സൃഷ്ടിച്ച പ്രതികൂല സാഹചര്യവും മഴക്കാല പച്ചക്കറി കൃഷിയിലെ പരിചയക്കുറവും ഉൽപ്പാദന ഉപാധികൾ മലമുകളിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതും കാട്ടുമൃഗശല്യവും തരണംചെയ്താണ് കർഷകർ നൂറുമേനി കൊയ്തത്. 
ആദിവാസി സമൂഹത്തിലെ കരിമ്പാല വിഭാഗത്തിൽപ്പെട്ട 40 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരമ്പരാഗത കൃഷിയായ കാച്ചിൽ, ചേന, ചേമ്പ്, കപ്പ തുടങ്ങിയവയായിരുന്നു കൃഷി. രണ്ടുവർഷം മുമ്പാണ് നരിക്കുനി കൃഷിഭവൻ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവിടെ ഇടപെടുന്നത്. ക്ലസ്റ്റർ രൂപീകരിച്ച് കർഷകരെ ഏകോപിപ്പിച്ച് ആവശ്യമായ സാങ്കേതികസഹായം നൽകിയും കൃഷിയെ പ്രോത്സാഹിപ്പിച്ചു. പരമ്പരാഗത കൃഷിയോടൊപ്പം മഴക്കാല പച്ചക്കറികൃഷിയും പരിചയപ്പെടുത്തി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പദ്ധതികൾ സമന്വയിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കി. വിത്തും വളവും സൗജന്യമായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി. നരിക്കുനി സഹകരണ ബാങ്ക് വന്യമൃഗവേലിക്ക് ധനസഹായം നൽകി. 
 ജൈവ കീടരോഗ നിയന്ത്രണം മുതൽ വന്യജീവി പ്രതിരോധ മാർഗത്തിനുള്ള ശാസ്ത്രീയമാർഗങ്ങൾ വരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. 
വിളകൾ ആദിവാസി കുടുംബങ്ങളിലെ ഉപയോഗത്തിനുശേഷം കൃഷിഭവൻ ചന്തകളിലും അഗ്രോ സെന്ററുകളിലും നൽകി. തങ്ങളെ ഈ അവാർഡിലേക്ക് നയിച്ച നരിക്കുനി കൃഷി ഓഫീസർ ദാനയോടും മറ്റുള്ളവരോടും ക്ലസ്റ്റർ കൺവീനർ രാമൻകുട്ടി നന്ദി പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top