07 May Tuesday

ജൈവവൈവിധ്യ രജിസ്‌റ്റർ 
രണ്ടാംപതിപ്പ്‌ തയ്യാറാക്കുന്നു

സ്വന്തം ലേഖകൻUpdated: Saturday Oct 21, 2023
കോഴിക്കോട്‌ 
ജനകീയ പങ്കാളിത്തത്തോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൈവവൈവിധ്യ രജിസ്‌റ്ററിന്റെ രണ്ടാംപതിപ്പ്‌ തയ്യാറാക്കുന്നു. 2050ഓടെ കേരളത്തെ കാർബൺ തൂലിതമാക്കാൻ ലക്ഷ്യമാക്കിയുള്ള നടപടികളുടെ ഭാഗമായാണിത്‌. 2009ലാണ്‌ സംസ്ഥാനത്ത്‌ നേരത്തെ ജൈവവൈവിധ്യ രജിസ്‌റ്റർ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചത്‌. 
2018ൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ജൈവവൈവിധ്യ രജിസ്‌റ്റർ നിലവിൽ വന്നിരുന്നു. ഇവ പരിഷ്‌കരിച്ചാണ്‌ രണ്ടാം പതിപ്പ്‌ തയ്യാറാക്കുക. രജിസ്‌റ്റർ ആധാരമാക്കി അതതിടത്തെ ജൈവവൈവിധ്യം പരിഗണിച്ചാണ്‌ ഭാവി വികസനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുക.  ജില്ലയിൽ 42 പഞ്ചായത്തുകളും വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലുമാണ്‌ ആദ്യഘട്ടത്തിൽ ജൈവവൈവിധ്യ രജിസ്‌റ്റർ പുതുക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കമായത്‌. 
രണ്ടാം പതിപ്പിന്‌ സമാന്തരമായി ഡിജിറ്റൽ പതിപ്പും ഉണ്ടാക്കും. എല്ലാ ആറുമാസത്തിലും പുതുക്കാവുന്നവിധമാണ്‌ ഡിജിറ്റൽ രജിസ്‌റ്റർ. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷൻ ചെയർമാനായുള്ള സ്വയംഭരണാധികാരമുള്ള സമിതിയാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകുക. 
ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിനായുള്ള ജില്ലാതല പരിശീലനം മേയർ ബീന ഫിലിപ്പ്‌  ഉദ്‌ഘാടനംചെയ്‌തു. 
കേരള ജൈവവൈവിധ്യ ബോർഡ് അംഗം കെ വി ഗോവിന്ദൻ അധ്യക്ഷനായി. ജൈവ വൈവിധ്യബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, ഫെബിൻ ഫ്രാൻസിസ്, ഷൈൻരാജ്, ജില്ലാതല ജൈവവൈവിധ്യ കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഏലിയാമ്മ നൈനാൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ പി മഞ്‌ജു എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top