06 May Monday
അമേരിക്കയിൽ ജോലി വാഗ്‌ദാനം നൽകി

ലക്ഷങ്ങൾ തട്ടിയ കേസിൽ എംഡി അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Saturday Oct 21, 2023
കോഴിക്കോട്‌
അമേരിക്കയിൽ നഴ്‌സിങ് അസി. ജോലി വാഗ്‌ദാനംചെയ്‌ത്‌  ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ചെന്നൈ ആസ്ഥാനമായ എഡ്യു ഫ്യൂച്ചറിസ്‌റ്റിക്‌ ലേണിങ് പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിങ് ഡയറക്ടർ തിരുവനന്തപുരം സ്വദേശി ജോസഫ്‌ ഡാനിയേൽ(52)  അറസ്‌റ്റിൽ. രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച്‌  ഉദ്യോഗാർഥികൾ  നടക്കാവ്‌ പൊലീസിൽ നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ നടക്കാവ്‌ സിഐ പി കെ ജിജീഷിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും ഇതേ സ്ഥാപനത്തിനെതിരെ നിരവധി പരാതി ലഭിച്ചതായി പൊലീസ്‌ അറിയിച്ചു. 
അമേരിക്കയിൽ സിഎൻഎ (സർട്ടിഫൈഡ്‌ നഴ്‌സിങ് അസിസ്‌റ്റന്റ്‌) കോഴ്‌സിൽ ചേരാൻ രണ്ടു ലക്ഷം മുതൽ ഏഴ്‌ ലക്ഷം രൂപവരെയാണ്‌ പലരിൽനിന്നായി വാങ്ങിയത്‌. രണ്ടു മാസത്തെ ഓൺലൈൻ കോഴ്‌സും അതിനുശേഷം അമേരിക്കയിലെ വെർജിനിയയിൽ സ്ഥിര ജോലിയുമായിരുന്നു വാഗ്‌ദാനം. എരഞ്ഞിപ്പാലം കൊട്ടാരം റോഡിൽ സ്‌കൈലൈൻ അപ്പാർട്ട്‌മെന്റിന്റെ വിലാസത്തിലാണ്‌ ഇയാൾ തട്ടിപ്പ്‌ നടത്തിയത്‌. 
സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ വഴിയും ഏജന്റുമാർ വഴിയുമാണ്‌ കുട്ടികളെ ചേർത്തത്‌. വിശ്വാസ്യത പിടിച്ചുപറ്റാൻ കന്യാസ്‌ത്രീകളെ ഉൾപ്പെടെ ഏജന്റുമാരാക്കിയിട്ടുണ്ട്‌. മലയോര മേഖലയിലുള്ളവരാണ്‌ തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. സർക്കാർ–-സ്വകാര്യ ആശുപത്രികളിൽ നഴ്‌സിങ് ജോലി ചെയ്യുന്നവരും എംഎസ്‌സി നഴ്‌സിങ്  പാസായവരുമാണ്‌ തട്ടിപ്പിനിരയായത്‌.  
ജില്ലയിൽ മേലാറ്റൂർ, തിരുവമ്പാടി സ്‌റ്റേഷനുകളിൽ  ഡാനിയലിനെതിരെ കേസുണ്ട്‌. പ്രതിയെ കോഴിക്കോട്‌ ജെഎഫ്‌സിഎം നാലിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. നടക്കാവ്‌ എസ്‌ഐ എൻ പവിത്രകുമാർ, എഎസ്‌ഐ രഘുപ്രസാദ്‌, എസ്‌സിപിഒ സി ഹരീഷ്‌ കുമാർ, ചിനാർ എന്നിവരാണ്‌ അന്വേഷകസംഘത്തിലുണ്ടായിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top