10 July Thursday

പതിനേഴുകാരിയെ പീഡിപ്പിച്ചു: 
നാലുപേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
കുറ്റ്യാടി
ശീതളപാനീയത്തിൽ മയക്കുമരുന്ന്‌ കലർത്തി നൽകി പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേർ പിടിയിലായി. മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് പാറച്ചാലിൽ ഷിബു (24), മൊയിലോത്ര തെക്കെ പറമ്പത്ത് സായൂജ് (24), മൊയിലോത്ര തമഞ്ഞിമ്മൽ രാഹുൽ (22), ആക്കൽ പാലോളിൽ അക്ഷയ് (22) എന്നിവരെയാണ് നാദാപുരം എഎസ്‌പി നിതിൻ രാജ് അറസ്‌റ്റ്‌ചെയ്‌തത്‌.
കഴിഞ്ഞ മൂന്നിനാണ്‌ സംഭവം. പരിചയക്കാരനായ സായൂജാണ്‌  പെൺകുട്ടിയെയും കൂട്ടി വിനോദസഞ്ചാര കേന്ദ്രമായ മരുതോങ്കരയിലെ ജാനകിക്കാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തുക്കളായ ഷിബു, രാഹുൽ, അക്ഷയ് എന്നിവരെ വിളിച്ചുവരുത്തി. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി പെൺകുട്ടിക്ക് നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. 
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പെൺകുട്ടിയെ സംശയകരമായ സാഹചര്യത്തിൽ കുറ്റ്യാടി ചെറുപുഴ പാലത്തിനുസമീപം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി പൊലീസിന്റെ അന്വേഷണത്തിലാണ്‌ പീഡനം പുറത്തറിഞ്ഞത്‌. തുടർന്ന്‌ പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. പോക്‌സോ ചുമത്തിയാണ്‌ കേസെടുത്തത്‌.  
സംഭവം നടന്ന ജാനകിക്കാട്ടിലെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെ വ്യാഴാഴ്ച കോഴിക്കോട് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ജാനകിക്കാട്ടിൽ  നിരീക്ഷണം ശക്തമാക്കുമെന്നും എഎസ്‌പി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top