20 April Saturday

കരിപ്പൂരിൽ 3.57 കോടിയുടെ 
സ്വർണം പിടിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Sep 21, 2022
കരിപ്പൂർ
വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വ്യത്യസ്ത സംഭവങ്ങളിലായി എയർ കസ്റ്റംസും കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗവും ചേർന്ന്  7.5 കിലോഗ്രാം സ്വർണം പിടികൂടി. 5.869 കിലോ സ്വർണസംയുക്തവും 1181  ഗ്രാം  സ്വർണവുമാണ് പിടികൂടിയത്‌. ഇതിന്‌  3.57 കോടിരൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ആറുപേർ കസ്റ്റംസിന്റെ പിടിയിലായി.
മലപ്പുറം സ്വദേശികളായ ജംഷീദ് എടപ്പാടൻ (32), എആർ നഗർ സ്വദേശി സലീം (28), പയ്യനാട് സ്വദേശ് നജീബ് (30), വെള്ളയൂർ സ്വദേശി അഷ്റഫ് (36), വയനാട് മീനങ്ങാടി സ്വദേശിനി കീപ്രാത്ത് ബുഷ്റ (38), കോഴിക്കോട് കക്കട്ടിൽ സ്വദേശി അബ്ദുൾ ഷാമിൽ (26) എന്നിവരാണ്  പിടിയിലായത്.
സ്‌പൈസ് ജെറ്റിന്റെ എസ്ജി 140 ജിദ്ദ –-കരിപ്പൂർ വിമാനത്തിലാണ് ജംഷീദ്, ബുഷ്റ, സലീം, നജീബ്, അഷ്റഫ് എന്നിവർ കരിപ്പൂരിലെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ചനിലയിൽ ഒരുകിലോ സ്വർണസംയുക്തമാണ് അഷ്റഫ്, നജീബ് എന്നിവരിൽനിന്ന് കണ്ടെത്തിയത്. മലപ്പുറത്തെ പ്രമുഖ ട്രാവൽ ഏജൻസിയുടെ ഉംറ തീർഥാടക സംഘത്തിൽ തീർഥാടകരെന്ന വ്യാജേന കടന്നുകൂടിയാണ് ഇവർ സ്വർണം കടത്തിയത്. തീർഥാടകർക്ക് കസ്റ്റംസ് പരിശോധനയിൽ ഇളവുണ്ടാകുമെന്ന ധാരണയിലാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. 40,000 രൂപയും ഉംറ നിർവഹിക്കാനുള്ള ചെലവുമാണ് കള്ളക്കടത്ത് സംഘം ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സലീമിൽനിന്ന്‌ 700 ഗ്രാം സ്വർണസംയുക്തവും കണ്ടെടുത്തു. മലപ്പുറം, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘങ്ങൾ ചേർന്നാണ് ഇവരെ വലയിലാക്കിയത്.
ജംഷീദ് ശരീരത്തിൽ ഒളിപ്പിച്ച 1054 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് കണ്ടെടുത്തത്. ബുഷ്റ വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 1077 ഗ്രാം സ്വർണസംയുക്തവും ശരീരത്തിൽ അണിഞ്ഞ 249 ഗ്രാം സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. നാല്‌ ചെറിയ കുട്ടികൾക്കൊപ്പമാണ് ഇവർ യാത്രചെയ്തിരുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 344 ഷാർജ-–-കരിപ്പൂർ വിമാനത്തിലാണ് അബ്ദുൾ ഷാമിൽ കരിപ്പൂരിലെത്തിയത്. ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച 679 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. സ്‌പൈസ് ജെറ്റിന്റെ എസ്ജി 140 വിമാനത്തിന്റെ സീറ്റിനടിയിൽനിന്നും 932 ഗ്രാം തൂക്കമുള്ള എട്ട്‌ സ്വർണ ബിസ്ക്കറ്റുകളും കണ്ടെടുത്തു. പിടിക്കപ്പെടുമെന്ന സംശയത്തിൽ ഉപേക്ഷിച്ചതാണിതെന്ന്‌  കരുതുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top