26 April Friday
5000 വനിതകൾക്ക്‌ തൊഴിൽ

മാതൃകാ പദ്ധതിയുമായി കോർപറേഷൻ

എം ജഷീനUpdated: Wednesday Oct 20, 2021

കോഴിക്കോട്‌

തദ്ദേശസ്ഥാപനങ്ങൾ തൊഴിൽ ദാതാക്കളാവണമെന്ന സംസ്ഥാന സർക്കാർ നിർദേശം നടപ്പാക്കാൻ മാതൃകാ പദ്ധതിയുമായി കോർപറേഷൻ. 5000 വനിതകൾക്ക്‌ വിവിധ സംരംഭങ്ങളിലൂടെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണ്‌ കോർപറേഷൻ കുടുംബശ്രീ വഴി നടപ്പാക്കാനൊരുങ്ങുന്നത്‌. ക്ഷേമകാര്യ സമിതി അംഗീകാരം നൽകിയ പദ്ധതി കരട്‌ അടുത്ത്‌ ചേരുന്ന കൗൺസിൽ പരിഗണിക്കും. അംഗീകാരം നേടുന്നതോടെ  തുടർനടപടികളിലേക്ക്‌ നീങ്ങും.  
ഐടി മുതൽ ചെറുകിട വ്യവസായം വരെ വിവിധ  മേഖലകളിൽ  സംരംഭങ്ങൾ തുടങ്ങാനുള്ള സാമ്പത്തിക –-സാങ്കേതിക സഹായവും പരിശീലനവും വനിതകൾക്ക്‌ ഇതിലൂടെ ലഭ്യമാക്കും. വാർഡ്‌ തലങ്ങളിൽ 18നും 40നും ഇടയിൽ പ്രായമുള്ള 50  സ്‌ത്രീകളെ ഭാഗമാക്കി ആരംഭിക്കുന്ന പദ്ധതി കുടുംബശ്രീയുടെ  ഓക്‌സിലറി യൂണിറ്റുകൾ വഴിയാണ്‌ നടപ്പാക്കുന്നത്‌. വാർഡ്‌ തല അയൽക്കൂട്ടങ്ങളെ ഉപയോഗിച്ച്‌ ഓരോ ഓക്‌സിലറി യൂണിറ്റും തൊഴിൽ പദ്ധതി രൂപീകരിക്കണം. തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള ഏത്‌ വനിതകൾക്കും ഇതിന്റെ ഭാഗമാകാം. 
നാല്‌ ശതമാനം പലിശ നിരക്കിൽ  വായ്‌പകൾ ഇവർക്ക്‌ ലഭ്യമാക്കും. പദ്ധതി ആരംഭം മുതൽ നടപ്പാക്കി വിജയിപ്പിക്കുന്നത്‌ വരെ പരിശീലനവും സഹായവുമായി  കോർപറേഷന്റെയും കുടുംബശ്രീയുടെയും പിന്തുണ ഉണ്ടാകും. 
നിശ്‌ചിത ഇടവേളകളിൽ പുരോഗതി വിലയിരുത്തി തുടർ  നടപടികൾ കൈകൊള്ളും. സംസ്ഥാനത്ത്‌ ഇത്തരം  തൊഴിൽദാന പദ്ധതി ആരംഭിക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ്‌ കോഴിക്കോട്‌ കോർപറേഷനെന്ന്‌ ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി ദിവാകരൻ പറഞ്ഞു. 
കൗൺസിൽ അംഗീകാരം നേടിയാൽ വിവിധ മേഖലയിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാല നടത്തി പദ്ധതിക്ക്‌ അവസാനരൂപമാക്കും. വനിതാ വികസന കോർപറേഷൻ, കെഎസ്‌എഫ്‌ഇ, കെഎസ്‌ഐഡിസി, ജില്ലാ വ്യവസായകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ശിൽപ്പശാലയിൽ ഭാഗമാകും. ഡിസംബറോടെ പദ്ധതി നടപ്പാക്കാനാണ്‌  ആലോചിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top