26 April Friday

ബേപ്പൂരിൽ പിടിച്ചുപറി 
സംഘത്തിലെ 
രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
ബേപ്പൂർ
അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ബേപ്പൂർ ഫിഷിങ് ഹാർബറിലും തൊഴിലാളികളെ ഭീഷണിപ്പെടുത്തി കവർച്ച പതിവാക്കിയ സംഘത്തിലെ രണ്ടുപേരെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശികളായ പൂണാർ വളപ്പ് ചെറങ്ങോട്ട് പുത്തൂർവയൽ പി കെ ഷാഹുൽ ഹമീദ് (31), ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ എൻ ആഷിക് (23) എന്നിവരെയാണ് പിടികൂടിയത്.
ബുധൻ ബേപ്പൂർ ഫിഷിങ് ഹാർബറിനുസമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എടയാട്ട് ലോഡ്ജിൽ കയറി പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച കേസിലാണ്‌ അറസ്റ്റ്. പുലർച്ചെ മൂന്നിന് ലോഡ്ജിൽ തൊഴിലാളികൾ താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ടിവിളിച്ച് കത്തികാണിച്ച് അകത്തേക്ക് തള്ളിക്കയറിയ ഷാഹുൽ ഹമീദും ആശിഖും മുറിയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി 15,000 രൂപ വിലവരുന്ന മൊബൈൽഫോണും 1500 രൂപയും തട്ടിയെടുക്കുകയായിരുന്നു. ഉറക്കമുണർന്ന മറ്റു തൊഴിലാളികൾ ബഹളമുണ്ടാക്കിയതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു.  
ഫിഷിങ് ഹാർബറിലെ സിസി ടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇൻസ്പെക്ടർ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പുലിമുട്ട് ബീച്ചിൽനിന്ന്‌ ഷാഹുൽ ഹമീദിനെയും ഹാർബറിൽനിന്ന്‌ ആഷിഖിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫീസർമാരായ ജിതേഷ്, വിനീത് രാജ്, അരുൺഘോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top