18 December Thursday

ആർജിസിബി ലാബിന്‌ സുരക്ഷാ 
സംവിധാനമില്ല; പഴി ആരോഗ്യവകുപ്പിന്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 19, 2023
കോഴിക്കോട്‌
രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നിന്നെത്തിയ മൊബൈൽ ലാബിൽ പരിശോധന നടക്കാതിരുന്നതിന്‌ കാരണം  നിപാ പരിശോധനക്ക്‌ ആവശ്യമായ സുരക്ഷാ സംവിധാനമില്ലാത്തതിനാൽ. ബിഎസ്‌എൽ (ബയോ സേഫ്‌റ്റി ലെവൽ)–- 3 സൗകര്യമുണ്ടെന്ന്‌ പറഞ്ഞാണ്‌ ‌ ലാബ്‌ കോഴിക്കോട്ടെത്തിച്ചത്‌. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ മതിയായ സുരക്ഷാസംവിധാനം ഇല്ലെന്ന്‌ കണ്ടെത്തി. തുടർന്ന്‌ പരിശോധന നടത്തേണ്ടതില്ലെന്ന്‌ അറിയിച്ചു. എന്നാൽ, ഇത്‌ മറച്ചുവച്ച്‌  സാമ്പിൾ ശേഖരണത്തിൽ  സംസ്ഥാന ആരോഗ്യ വകുപ്പിന്‌ സുരക്ഷാ വീഴ്‌ചയുണ്ടായെന്ന നുണ മെനയുകയായിരുന്നു മലയാള മനോരമ. 
രോഗലക്ഷണമുള്ളവരിൽനിന്ന്‌ നാല്‌ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്‌. സ്രവത്തിൽ ജൈവ കീടാണുക്കളാണ്‌ ഉണ്ടാവുക. ഇത്‌ പുറത്തുകടന്നാൽ രോഗവ്യാപനത്തിന്‌ കാരണമാകും.  റെസ്‌പിറേറ്റർ സംവിധാനം ഉപയോഗിച്ചാണ്‌ രോഗാണുക്കൾ പുറത്തുകടക്കാനുള്ള സാധ്യത തടയുന്നത്‌.  ഇത്‌ ഇല്ലാതെയാണ്‌ രാജീവ്‌ ഗാന്ധി സെന്ററിന്റെ ലാബ്‌ കോഴിക്കോട്ടെത്തിച്ചത്‌. ഇത്‌ നൽകാൻ  ആരോഗ്യ വകുപ്പിന്റെ സഹായം തേടിയിരുന്നു. എന്നാൽ,  മൂന്ന്‌ റെസ്‌പിറേറ്ററി സംവിധാനം ഉപയോഗിച്ചാണ്‌ മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിൽ നിപാ പരിശോധന നടത്തുന്നത്‌.  ഇതുവരെ 258 പേരുടെ സാമ്പിൾ പരിശോധിച്ചു. ഒരാളുടെ നാല്‌ സാമ്പിൾ രണ്ടു തവണയായി പരിശോധിക്കണം.  രണ്ടായിരത്തിലേറെ പരിശോധന ഇതിനകം നടത്തി. ലാബിന്റെ പരമാവധി ശേഷി ഉപയോഗിച്ചാണ്‌ പരിശോധന. അത്‌ നിർത്തിവച്ച്‌  സൗകര്യമൊരുക്കാനാവില്ലെന്ന്‌  ആരോഗ്യവകുപ്പ്‌  രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി അധികൃതരെ അറിയിച്ചിരുന്നു. ഇതെല്ലാം മറച്ചുവച്ച്‌, സംസ്ഥാന സർക്കാർ സുരക്ഷ ഒരുക്കിയില്ലെന്ന വ്യാജ വാർത്തയാണ്‌ മനോരമ നൽകിയത്‌. 
ലൈസീസ്‌ എന്ന റീഏജന്റ്‌ ചേർത്ത്‌ സ്രവ പരിശോധന നടത്തണമെന്ന ആവശ്യവും പ്രായോഗികമല്ല.  പരിമിത സാമ്പിൾ പരിശോധനക്ക്‌ മാത്രമേ ഈ രീതി തുടരാനാകൂ. മൈക്രോമീറ്ററിന്റെ സഹായത്തോടെ അതിസൂക്ഷ്‌മ അളവിലാണ്‌ റീഏജന്റ്‌ ചേർക്കേണ്ടത്‌. ആയിരക്കണക്കിന്‌ പരിശോധന നടത്തുന്ന ഘട്ടത്തിൽ ഇത്‌ പ്രായോഗികമല്ല. ഇതെല്ലാം  മനോരമ മനപ്പൂർവം മറച്ചുവച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top