04 December Monday

നിപാ വൈറസിന്‌ ജനിതകമാറ്റം 
സംഭവിച്ചിട്ടില്ലെന്ന്‌ നിഗമനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023
കോഴിക്കോട്‌
നിപാ വൈറസിന്‌ ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നാണ്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ സംഘം  വ്യക്തമാക്കുന്നതെന്ന്‌ മന്ത്രി വീണാ ജോർജ്‌ അറിയിച്ചു. രോഗം ബാധിച്ചവരുടെ ശരീരത്തിൽനിന്ന്‌ ശേഖരിച്ച സാമ്പിളുകൾ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിലാണ്‌ ജനിതകമാറ്റം വന്നിട്ടില്ലെന്ന്‌ കണ്ടെത്തിയത്‌. 
2018, 2019, 2021 കാലങ്ങളിൽ രോഗം ബാധിച്ചവരുടെ സാമ്പിൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയതിന്‌ സമാനമായ വൈറസാണ്‌ ഇത്തവണയും കണ്ടെത്തിയത്‌. ശരാശരി 99.7 ശതമാനമാണ്‌ സാമ്യം. പലതിനും നൂറ്‌ ശതമാനം സാമ്യം കണ്ടെത്തി. ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന സൂചനയാണ്‌ ഇത്‌ നൽകുന്നത്‌. 
നിപാ ബാധിച്ച്‌ മരിച്ച മരുതോങ്കര കള്ളാട്‌ സ്വദേശി മുഹമ്മദലിയുടെ കൃഷിയിടത്തിൽനിന്ന്‌ പിടികൂടിയ വവ്വാലുകളുടെ സാമ്പിൾ ഫലം നെഗറ്റീവാണ്‌. ഭോപ്പാലിൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽനിന്ന്‌ വവ്വാലുകളുടെ സാമ്പിൾ ശേഖരിക്കുന്നുണ്ട്‌. 
കേരളത്തിൽ പലയിടത്തും നിപാ രോഗബാധക്ക്‌ സാധ്യതയുണ്ടെന്നാണ്‌ ഐസിഎംആറും ലോകാരോഗ്യ സംഘടനയും കണ്ടെത്തിയത്‌. മറ്റു സംസ്ഥാനങ്ങളിലും രോഗസാധ്യത നിലനിൽക്കുന്നുണ്ട്‌. 
കേരളത്തിൽ സുശക്തമായ ആരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ്‌ രോഗം കണ്ടെത്താനാകുന്നത്‌. മറ്റു പലയിടത്തും ഇത്‌ സാധിക്കുന്നില്ല. കേരളത്തിന്റെ നിപാ പ്രതിരോധ സംവിധാനത്തിൽ കേന്ദ്ര ആരോഗ്യ സംഘം പൂർണ തൃപ്‌തി അറിയിച്ചതായും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top