നന്മണ്ട
നന്മണ്ടയിൽ കഴിഞ്ഞ ദിവസം കാണാതായ പൂക്കാട് സ്വദേശി പത്തൻ കണ്ടി സുരേഷ് കുമാറി(55) നെ നന്മണ്ട കരിപ്പാല മുക്കിൽ വാടക വീടിന് സമീപത്തെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. സെപ്തംബർ 16ന് രാത്രിമുതൽ സുരേഷ് കുമാറിനെ കാണാനില്ലെന്ന് മകൻ അർജുൻ ബാലുശേരി പൊലിസിൽ പരാതിനൽകിയിരുന്നു. അന്വേഷണം തുടരവേ ചൊവ്വ രാവിലെ വാടക വീടിന് രണ്ടുവീടുകൾക്കപ്പുറം മേലെ പാടിക്കര പറമ്പിന്റെ താഴെ ഭാഗത്ത് റോഡിൽനിന്നും 25 മീറ്റർ മാറി ചെടികൾക്കിടയിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. കാണാതായ ശനിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പ്രാഥമിക മെഡിക്കൽ പരിശോധനയിൽ ഉയരത്തിൽനിന്ന് വീണ് കഴുത്തിന് ഗുരുതര പരിക്കേറ്റതായും പറയുന്നു.
ഭൂമി ഇടപാടുകളും മറ്റും നടത്തി ഉപജീവനം നയിച്ചിരുന്ന സുരേഷ് കുമാർ കരാട്ടെ പരിശീലകൻകൂടിയായിരുന്നു. ഒരുവർഷത്തോളമായി ഇവിടെ വാടകവീട്ടിൽ ഭാര്യക്കും മകനും ഭാര്യാ മാതാവിനുമൊപ്പമാണ് താമസം. മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ വ്യക്തത ലഭിക്കുകയുള്ളൂ എന്നും ബാലുശേരി സിഐ കെ എം സുരേഷ് കുമാർ പറഞ്ഞു.
പേരാമ്പ്രയിൽനിന്ന് ഡോഗ് സ്‌ക്വാഡ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് സയന്റിഫിക് ഓഫീസർ വി ആർ കൃഷ്ണ, എസ്ഐ പി റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ഭാര്യ: ഗീത. പൂക്കാട് പരേതരായ കാരോളി അപ്പുനായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വിജയൻ നായർ, ചന്ദ്രിക, ഷീല, പ്രഭാവതി, പരേതനായ പ്രഭാകരൻ നായർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..