02 July Wednesday

ഓണം ബമ്പർ: കോഴിക്കോട്ട്‌ വിറ്റത്‌ 3.14 ലക്ഷം ടിക്കറ്റ്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 19, 2023
കോഴിക്കോട്‌ 
നറുക്കെടുപ്പിന്‌ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ജില്ലയിൽ ചൊവ്വ ഉച്ചവരെ വിറ്റത്‌ 3,14,240 തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ. കഴിഞ്ഞ വർഷം 3,73,000 ടിക്കറ്റാണ്‌ വിറ്റിരുന്നത്‌. നിപാ വൈറസ്‌ ബാധയും നിയന്ത്രണങ്ങളും പലയിടത്തും ടിക്കറ്റ്‌ വിൽപ്പനയെ ബാധിച്ചു. എങ്കിലും അവസാന മണിക്കൂറുകളിലെ കണക്കുകൾ കൂടിയാകുമ്പോൾ കഴിഞ്ഞ വർഷത്തേതിനൊപ്പം എത്തുമെന്നാണ്‌ പ്രതീക്ഷ. ബുധൻ പകൽ മൂന്നിനാണ്‌ നറുക്കെടുപ്പ്‌. 
ജില്ലാ ഭാഗ്യക്കുറി ഓഫീസിൽനിന്നുള്ള വിൽപ്പന ബുധൻ രാവിലെ 10ന്‌ അവസാനിപ്പിക്കും. ആദ്യനാളുകളിൽ സാധാരണ നിലയിലായിരുന്ന വിൽപ്പന ഓണത്തോടെയാണ്‌ കുതിച്ചത്‌. സെപ്‌തംബർ 10 മുതലുള്ള നിപാ നിയന്ത്രണം വിപണിയെ ബാധിച്ചു. നിപാ ഭീതിയൊഴിഞ്ഞ്‌ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ അവസാന മണിക്കൂറുകളിൽ വിപണിയിൽ മികച്ച പ്രതികരണമാണ്‌ ലോട്ടറി ഏജൻസികളും വിൽപ്പനക്കാരും പ്രതീക്ഷിക്കുന്നത്‌.
25 കോടി രൂപയാണ്‌ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക്‌ ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക്‌. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. സമ്മാനഘടനയിലെ മാറ്റം സ്വീകാര്യത കൂട്ടി. കഴിഞ്ഞതവണ ഒരാൾക്ക് അഞ്ചുകോടി രൂപയായിരുന്നു രണ്ടാംസമ്മാനം. സംസ്ഥാനത്ത്‌ ടിക്കറ്റ്‌ വിൽപ്പന റെക്കോർഡിലാണ്‌. പാലക്കാടും തിരുവനന്തപുരവുമാണ്‌ മുന്നിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top