കോഴിക്കോട്
നിപാ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ നിയന്ത്രണ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, വില്യാപ്പള്ളി, പുറമേരി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇളവ് പ്രഖ്യാപിച്ചത്. എല്ലാ കടകമ്പോളങ്ങളും രാത്രി എട്ടുവരെ നിപാ പ്രോട്ടോക്കോൾ അനുസരിച്ച് തുറക്കാം. ബാങ്കുകൾക്ക് പകൽ രണ്ടുവരെയും പ്രവർത്തിക്കാം. മറ്റു നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് കലക്‌ടർ അറിയിച്ചു.
മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. ആളുകൾ കൂട്ടംകൂടുന്നത് കർശനമായി നിയന്ത്രിക്കണം. സമ്പർക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലുള്ളവരും കർശനമായ നിയന്ത്രണങ്ങൾ പാലിക്കണം. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കാലയളവുവരെ സമ്പർക്കവിലക്കിൽ തുടരണം.
തിങ്കളാഴ്‌ച വൈകിട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് 58 വാർഡുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവുനൽകാൻ തീരുമാനിച്ചത്. ഇവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തി അവരെ പരിശോധിച്ചിരുന്നു. ഇതുവരെ പരിശോധിച്ച സാമ്പിളുകൾ നെഗറ്റീവായതിനാലാണ് ഇളവുകൾക്ക് തീരുമാനമെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..