കോഴിക്കോട്
ജില്ലയിൽ നിരോധിത മേഖലകളിൽ പാലങ്ങൾ അടച്ചതിനാൽ ദീർഘദൂര വാഹനങ്ങൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള പ്രയാസം ലഘൂകരിക്കാൻ ബദൽ യാത്രാ മാർഗങ്ങൾ തുറക്കാൻ മന്ത്രിമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന കരുവൻതിരുത്തി, പുല്ലിക്കടവ്, കല്ലമ്പാറ പാലങ്ങളാണ് കഴിഞ്ഞ ദിവസം അടച്ചത്. ഇതോടെ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ജില്ലയിൽ പ്രവേശിക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. ഇത് പരിഹരിക്കാൻ ബദൽ റോഡുകൾ ഉപയോഗപ്പെടുത്താൻ പൊലീസിന് നിർദേശം നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മറ്റു റോഡുകൾവഴി ദേശീയപാതയിലെത്താൻ സൗകര്യമൊരുക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ രാജ്‌പാൽ മീണ പറഞ്ഞു. തിരൂർ, താനൂർ ഡിവൈഎസ്‌പിമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണ മേഖലകളിൽ പൊലീസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. ജനങ്ങളും പൊലീസും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അസാധാരണ മരണം ഉണ്ടായാൽ അറിയിക്കണമെന്ന് പൊലീസിനോട് അറിയിച്ചിട്ടുണ്ട്. ജനകീയ പൊലീസിങ് സംവിധാനം മികച്ച രീതിയിൽ നടപ്പാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
യോഗത്തിൽ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെൽസാസിനി, അസി. കലക്ടർ പ്രതീക് ജെയിൻ, ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണ, ഡിസിപി കെ ഇ ബൈജു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..