18 December Thursday

നിപാ: പ്രതിരോധം തീർത്ത് 
തിരുവള്ളൂരും ആയഞ്ചേരിയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023
സ്വന്തം ലേഖകൻ
വടകര
നിപാ ബാധിച്ച് ഒരാൾ മരിച്ച ആയഞ്ചേരി പഞ്ചായത്തിലും ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ച തിരുവള്ളൂർ പഞ്ചായത്തിലും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. ആയഞ്ചേരി പഞ്ചായത്തിൽ തിങ്കളാഴ്ച കോർ കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്തിൽ ഒമ്പതുവാർഡുകളാണ് നിലവിൽ നിയന്ത്രിത മേഖലയിലുളളത്. 
അടച്ചുപൂട്ടലിലായ വാർഡുകളിലെ ജനങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തുമായും സന്നദ്ധ പ്രവർത്തകരുമായും പൂർണമായും സഹകരിക്കുന്നുണ്ട്. 
പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ആർആർടി പ്രവർത്തകരുടെയും നിതാന്ത ജാഗ്രതയുമുണ്ട്. രോഗബാധിത പ്രദേശത്തെ 3884 വീടുകളിൽ പനി സർവേ പൂർത്തിയാക്കി. 125പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഹൈ റിസ്കിലുള്ള 18 പേരിൽ നാലുപേരുടെ ഫലം നെഗറ്റീവാണ്. ഫലം ഇനിയും പുറത്തുവരാനുണ്ട്. 
യോഗത്തിൽ പഞ്ചായത്ത് കാട്ടിൽ മൊയ്തു അധ്യക്ഷനായി. 
സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി വി കുഞ്ഞിരാമൻ, സരള, അഷറഫ്, ലതിക, സെക്രട്ടറി രാജീവ്, എച്ച് ഐ സജീവൻ തുടങ്ങിയവർ സംസാരിച്ചു. 
തിരുവള്ളൂർ പഞ്ചായത്തിൽ ആറ് നിയന്ത്രിത മേഖലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്‌. 
പനി സർവേ ഏറെക്കുറെ പൂർത്തിയായി. 11 പേരുടെ സ്രവ പരിശോധനാഫലം പുറത്തുവരാനുണ്ട്. കഴിഞ്ഞ എട്ടിന് പകൽ 12.30നും ഒന്നരക്കും ഇടയിൽ എടോട്ടിയിലെ പള്ളിയിൽ ഉണ്ടായവർ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നിർദേശവും ഉണ്ട്. 
നിപാ ബാധിച്ച് മരിച്ച ഹാരിസ് ഇക്കഴിഞ്ഞ 10ന് ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പകൽ 11 മുതൽ പകൽ മൂന്നുവരെ ഇയാൾ ആശുപത്രിയിൽ ചികിത്സക്കായി ചെലവഴിച്ചിരുന്നു. 
ഈ സമയം ആശുപത്രിയിൽ എത്തിയരും ആരോഗ്യ വകുപ്പിനെ അറിയിക്കാനോ സ്വയം ക്വാറന്റൈനിൽ പോവാനോ നിർദേശമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top