കൊയിലാണ്ടി
ദേശീയപാത 66ന്റെ പ്രവൃത്തിയുടെ ഭാഗമായി ജനകീയ പ്രശ്നങ്ങളിൽ ഇടപെടാത്ത സ്ഥലം എംപി അടിപ്പാത പാസാക്കിയെടുത്തു എന്നരീതിയിൽ ചില മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവന പ്രഹസനമാണെന്ന് കാനത്തിൽ ജമീല എംഎൽഎ. പണി നടക്കുന്നതിനിടയിൽ തുടക്കത്തിലുള്ള അലൈൻമെന്റിന്റെ ഭാഗമായി ആവശ്യമായ പല ഭാഗങ്ങളിലും അടിപ്പാത അനുവദിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ എംഎൽഎ എന്നനിലയിൽ ഇടപെട്ടിരുന്നു.
വിദ്യാർഥികളടക്കം മണ്ഡലത്തിലെ നിരവധിപേർ അടിപ്പാത ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ദേശീയപാത അതോറിറ്റിയേയും കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെയും അറിയിച്ച് പുതിയ എസ്റ്റിമേറ്റ് എടുപ്പിക്കുകയും അംഗീകാരം വാങ്ങിപ്പിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ അഞ്ച് പുതിയ അടിപ്പാതക്ക് അംഗീകാരം ലഭിച്ചു. ഫണ്ട് അനുവദിച്ചതായി ദേശീയപാതാ അധികൃതർ എന്നെ അറിയിച്ചു. ഏതാണ്ട് നാല് മാസം മുമ്പ് ഈ വിവരം ഞാൻ പൊതുജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ജനങ്ങളിൽ വലിയൊരു വിഭാഗം സമരരംഗത്തുവന്നകാലത്തുപോലും പ്രശ്നത്തിൽ ഇടപെടാൻ സ്ഥലം എംപി തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പുവരുമ്പോൾ മാത്രം അവകാശവാദവുമായിവരുന്നത് ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.
ആരാധനാലയങ്ങൾ, സ്കൂളുകൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവപോലുള്ളവ സ്ഥിതിചെയ്യുന്നിടങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജെങ്കിലും പണിയണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ
ആവശ്യപ്പെട്ടിരുന്നു. മൂരാട് പാലത്തിന് സമീപം സർവീസ് റോഡില്ലാത്തതിനാൽ ഒരു പ്രദേശം ഒറ്റപ്പെടുന്ന പ്രശ്നം നിലവിലുണ്ട് .
ഇത് പരിഹരിക്കാനാവശ്യമായ ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..