26 April Friday

ഡോ. എൻ വിജയന്‌ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
കോഴിക്കോട് 
പ്രമുഖ  മാനസികാരോഗ്യ ചികിത്സകനും കോഴിക്കോട് വിജയ ആശുപത്രി  സ്ഥാപകനുമായ ഡോ. എൻ വിജയ(93)ന്‌ അന്ത്യാഞ്ജലി.  ഞായറാഴ്ച  പകൽ മാവൂർ റോഡ് ശ്മശാനത്തിലായിരുന്നു സംസ്‌കാരം.  ആരോഗ്യ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. 
 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം   കുതിരവട്ടം, ഊളമ്പാറ മാനസിക ചികിത്സാ ആശുപത്രികളിൽ സൂപ്രണ്ടായിരുന്നു.  മുൻ മുഖ്യമന്ത്രി ആർ ശങ്കർ അമ്മാവനാണ്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന എൻ  കുമാരന്റെ മകൾ പരേതയായ പ്രസന്നയാണ് ഭാര്യ. മക്കൾ: ഡോ. റോയ് വിജയൻ, രാജേഷ് വിജയൻ (ഇരുവരും വിജയ ഹോസ്പിറ്റൽ), റാണി (തിരുവനന്തപുരം). സഹോദരങ്ങൾ: വിദുരൻ, പരേതനായ വിമലൻ.  
മദ്രാസ് മെഡിക്കൽ കോളേജിൽനിന്നാണ് ഡോ. എൻ  വിജയൻ എംബിബിഎസ് ബിരുദം നേടിയത്. ആറു പതിറ്റാണ്ട്‌  മാനസികരോഗചികിത്സാ രംഗത്ത് പ്രവർത്തിച്ച അദ്ദേഹം മലബാറിലെ ഈ രംഗത്തെ ആദ്യകാല വിദഗ്ധരിലൊരാളായിരുന്നു. ഇംഗ്ലണ്ടിലെ എഡിൻബർഗ് സർവകലാശാലയിൽനിന്നാണ് മാനസികാരോഗ്യ ചികിത്സയിൽ ബിരുദാനന്തര ബിരുദം  നേടിയത്. റോയൽ കോളേജ് ഓഫ് സൈക്യാട്രിയിൽനിന്ന് എംആർസി നേടി. 1972 മുതൽ കോഴിക്കോട്ട് സേവനമനുഷ്ഠിച്ചു. മെഡിക്കൽ കോളേജിൽ പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്നു. 1985-ൽ വിരമിച്ചു. തുടർന്ന് പ്രൊഫസർ എമിരിറ്റസ് ആയി. മാവൂർ റോഡ് കോട്ടൂളി ‘പ്രസന്ന'യിലായിരുന്നു താമസം. യുകെയിൽ വിവിധ ആശുപത്രികളിൽ ഏഴുവർഷം പ്രവർത്തിച്ചശേഷമാണ് കേരള മെഡിക്കൽ കോളേജ് സർവീസിൽ പ്രൊഫസറായത്.  
ശിവഗിരി തീർഥാടനം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി  ശ്രീനാരായണപ്രസ്ഥാനങ്ങൾക്ക് സമഗ്രസംഭാവന നൽകിയവർക്കുള്ള പുരസ്കാരം ലഭിച്ചു. 
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി, ഐഎംഎ  കോഴിക്കോട് ശാഖ, കലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ്ബ് എന്നിവയുടെ പ്രസിഡന്റ്, നെടുങ്ങാടി ബാങ്ക്, ശ്രീകണ്ഠേശ്വരം ക്ഷേത്രയോഗം എന്നിവയുടെ ഡയറക്ടർ, പിഎസ്‌സി വിദഗ്ധസമിതിയംഗം  എന്നീ നിലകളിലും പ്രവർത്തിച്ചു. മനോരോഗവിജ്ഞാനപ്രവേശി ഉൾപ്പെടെയുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.  
നിര്യാണത്തിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അനുശോചിച്ചു.  പ്രസിഡന്റ്‌ ഷനൂപ് താമരക്കുളം അധ്യക്ഷനായി.   സെക്രട്ടറി സുധീഷ് കേശവപുരി പ്രമേയം അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top