25 April Thursday

ഓണം ബമ്പർ പാട്ടിന്‌ പോട്ടെ
പ്ലാവാണ്‌ ബമ്പറെന്ന്‌ ചക്കക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

ചക്കക്കൂട്ടം അംഗങ്ങൾ കോഴിക്കോട്‌ ഗാന്ധിഗൃഹത്തിൽ സംഗമിച്ചപ്പോൾ

കോഴിക്കോട്‌
ഓണം ബമ്പറടിച്ച്‌ നന്നാകുമെന്ന്‌ ദിവാസ്വപ്‌നം കാണുന്നവരോട്‌ വീട്ടുപറമ്പിൽ ഒന്നോ രണ്ടോ പ്ലാവ്‌ നടാനാണ്‌ ചക്കക്കൂട്ടം പറയുക. ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടിയെ നിഷ്‌പ്രഭമാക്കുന്ന  ചക്കക്കണക്ക്‌ നിരത്തിയാണ്‌ ഇവരുടെ വാദം. കേരളത്തിൽ ഒരു വർഷമുണ്ടാകുന്ന ചക്ക 60 കോടിയാണ്‌. ഇതിൽ 38 കോടി ചക്കയും ഒരു ചുളയെങ്കിലും ഉപയോഗിക്കാതെ വീണടിയുന്നു. 60 കോടി ചക്ക  മൂല്യവർധിത ഉൽപ്പന്നങ്ങളായാൽ ആറ്‌ ലക്ഷം കോടി രൂപയുടെ വരുമാനം കേരളത്തിലേക്ക്‌ വരുമെന്ന്‌ ഇവർ പറയുന്നു.    1200 ഇനം മൂല്യവർധിത ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്നുമുണ്ട്‌ ഈ കൂട്ടായ്‌മ.  
  പ്ലാവുടമകൾ, സംരംഭകർ, ചക്കപ്രേമികൾ, ഗവേഷകർ, വിപണനരംഗത്തുള്ളവർ, സേവനദാതാക്കൾ, വ്യാപാരികൾ  തുടങ്ങി ചക്കയിടുന്ന തൊഴിലാളികളെ ഉൾപ്പെടെ കേരളത്തിലുടനീളം ഒരുമിപ്പിക്കുന്ന കൂട്ടായ്‌മയാണ്‌ ചക്കക്കൂട്ടം. ഇവരുടെ സംഗമം ഞായറാഴ്‌ച കോഴിക്കോട്‌ ഗാന്ധിഗൃഹത്തിൽ നടന്നു. കേരളത്തിലുടനീളമുള്ള ആളുകൾ സംഗമത്തിനെത്തി. കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ചക്കക്കൂട്ടം ഇന്റർനാഷണൽ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നപേരിൽ സംരംഭക കമ്പനിയുമുണ്ട്‌. കമ്പനിയുടെ നേതൃത്വത്തിൽ ചക്കപ്പഴം പാലട പായസം ഇൻസ്‌റ്റന്റ്‌ മിക്‌സ്‌ വിപണിയിലിറക്കി. ഇടിച്ചക്ക മുതൽ ചക്കയുടെ സമയബന്ധിതവും ശാസ്‌ത്രീയവുമായ വിളവെടുപ്പ്‌, പോഷകഗുണങ്ങൾ, മുല്യവർധിത ഉൽപ്പന്നങ്ങൾ, വിപണിസാധ്യതകൾ തുടങ്ങിയവയുടെ പ്രചാരണമാണ്‌ ചക്കക്കൂട്ടത്തിന്റെ ദൗത്യം. കൊല്ലത്ത്‌ 25ന്‌ ചേരുന്ന മേഖലാ സംഗമത്തിന്‌ പിന്നാലെ ചക്കക്കൂട്ടത്തിന്റെ സംസ്ഥാനതലം മുതൽ പഞ്ചായത്ത്‌ തലംവരെയുള്ള സമിതികൾ നിലവിൽ വരും. 
  ഭക്ഷ്യവിഭവങ്ങൾക്കൊപ്പം കന്നുകാലി തീറ്റ, സൗന്ദര്യവർധക വസ്‌തുക്കൾ എന്നിവയുടെ നിർമാണത്തിനും ചക്കയ്‌ക്ക്‌ അനന്തസാധ്യതയുണ്ടെന്ന്‌ കൂട്ടായ്‌മക്ക്‌ നേതൃത്വം നൽകുന്ന ബയോമെഡിക്കൽ എൻജിനിയറായ എറണാകുളം സ്വദേശി അനിൽ ജോസ്‌ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top