20 April Saturday

കടലോളം കാഴ്‌ചയൊരുക്കി 
കാലിക്കറ്റ്‌ അക്വേറിയം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

നവീകരിച്ച കാലിക്കറ്റ് അക്വേറിയം

കോഴിക്കോട്‌
കടപ്പുറത്തെത്തുന്നവർക്ക്‌  കാഴ്‌ചയുടെ സൗന്ദര്യമൊരുക്കി കാലിക്കറ്റ്‌ അക്വേറിയം പുതുമോടിയിൽ വീണ്ടും ഉണർന്നു. കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഇനി വിദേശ ഇനങ്ങളിൽപ്പെട്ട വളർത്തുമത്സ്യങ്ങളെയും പക്ഷികളെയും കൺകുളിർക്കെ കാണാം. അലിഗേറ്റർ ഗാർ, അരാപ്പൈമ എന്നിവക്കൊപ്പം ഷാർക്ക്‌ അടക്കമുള്ള പലവിധത്തിലുള്ള വളർത്തുമത്സ്യങ്ങളുടെ ശേഖരവുമുണ്ട്‌. ഒപ്പം മെക്‌സിക്കൻ ഇഗ്വാന, എമു, അലങ്കാര കോഴികൾ, വിവിധയിനം പ്രാവുകൾ വിദേശയിനം പൂച്ചകൾ എന്നിവയും പ്രദർശനത്തിലുണ്ട്‌. മൂന്നുവർഷത്തിലേറെയായി കാടൂമൂടി കിടന്ന കടപ്പുറത്തെ കാലിക്കറ്റ്‌ അക്വേറിയമാണ്‌ നവീകരിച്ച്‌ സന്ദർശകർക്കായി ഒരുക്കിയത്‌. 
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ നടത്തിപ്പ്‌ ചുമതല മലബാർ ടൂറിസം ആൻഡ്‌ ട്രാവലിങ്‌ പ്രൊമോഷൻ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന്‌ കെട്ടിടവും അക്വേറിയവും നവീകരിച്ചാണ്‌ പ്രദർശനം ആരംഭിച്ചത്‌. മുതിർന്നവർക്ക്‌ മുപ്പത്‌ രൂപയും കുട്ടികൾക്ക്‌ (5മുതൽ 12വരെ) 20 രൂപയുമാണ്‌ നിരക്ക്‌. രാവിലെ 10.30 മുതൽ രാത്രി 9.30വരെയാണ്‌ പ്രവർത്തനസമയം. അക്വേറിയം വളപ്പിൽ തന്നെ ഐസ്‌ക്രീം, കോഫീ ഷോപ്പ്‌, ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. 
ബീച്ചിൽ പഴയ ലയൺസ്‌ പാർക്കിന്‌ സമീപം നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയിൽ കെട്ടിടം നിർമിച്ച്‌ കടൽ മത്സ്യങ്ങളുടെയും ജീവജാലങ്ങളുടെയും പ്രദർശനം മുമ്പ്‌ ഒരുക്കിയത്‌. എല്ലായിടത്തും അക്വേറിയങ്ങൾ സാധാരണമായതോടെ കാണികളുടെ വരവ്‌ കുറഞ്ഞു. നടത്തിപ്പ്‌ ചുമതല ഏറ്റെടുത്തയാളുടെ കരാർ കാലാവധി 2018ൽ അവസാനിച്ചതോടെയാണ്‌ അക്വേറിയം അടച്ചുപൂട്ടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top