03 July Thursday

നവീകരണ പ്രവൃത്തി 
പൂർത്തീകരിക്കുന്നതിനുമുമ്പെ 
സംസ്ഥാന പാത കുത്തിപ്പൊളിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
ബാലുശേരി
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി പൂർത്തീകരിക്കുന്നതിനു മുമ്പു തന്നെ റോഡ് കുത്തിപ്പൊളിക്കൽ ആരംഭിച്ചു. ബാലുശേരി കാട്ടാമ്പള്ളി മുതൽ 200 മീറ്ററിനുള്ളിൽ  അഞ്ച്  സ്ഥലങ്ങളിൽ റോഡ് കുത്തിപ്പൊളിച്ചു. പൊട്ടി ഒഴുകുന്ന പൈപ്പ് നന്നാക്കാൻ ആഴ്ചകളോളമായി  പൊതുമരാമത്തിന്റെ അനുമതിയും കാത്ത് റോഡ് കുഴിച്ച നിലയിലായിരുന്നു.
സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ഒരു ഭാഗത്ത് കുത്തിപ്പൊളി ആരംഭിച്ചത്.   സംസ്ഥാന പാതയിൽ കാട്ടാമ്പള്ളിയിൽ ആഴ്ചകളോളമായി പൈപ്പ് പൊട്ടി ജലം ഒഴുകുകയായിരുന്നു.  മാത്രവുമല്ല റോഡിന് വിള്ളൽ വീണ് അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. നേരത്തേ സ്ഥാപിച്ച പൈപ്പുകൾ വശങ്ങളിലേക്ക് മാറ്റാതെയാണ് സംസ്ഥാന പാതയുടെ നവീകരണം ആരംഭിച്ചത്. അതേസമയം പൈപ്പുകൾ വശങ്ങളിലേക്ക് മാറ്റുന്നതിന് വാട്ടർ അതോറിറ്റി 4 കോടി രൂപയുടെ എസ്റ്റിമേറ്റ് കേരള റോഡ്സ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. തുക കൂടുതലാണെന്ന് കാണിച്ച് എസ്റ്റിമേറ്റ് അംഗീകരിച്ചില്ല. തുടർന്ന് എസ്റ്റിമേറ്റ് മാറ്റി നൽകിയെങ്കിലും നടപടികളായില്ല. 
റോഡിൽ ഭാരമുള്ള വാഹനങ്ങളും റോളറുകളും നിരന്തരം ഓടുന്നതിനാൽ ക്ഷതം സംഭവിച്ച്‌ പൈപ്പുകൾ പൊട്ടാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും പൈപ്പുകൾ വശങ്ങളിലേക്ക് മാറ്റാതെ നവീകരണം പൂർത്തീകരിക്കുന്നത് ഭാവിയിൽ റോഡ് കുത്തിപ്പൊളിച്ച് താറുമാറാകാൻ ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ മൂന്നു മീറ്ററോളം വീതിയിലാണ് റോഡ് കുഴിച്ചിരിക്കന്നത്.  പൈപ്പുകളും കേബിളുകളും വശങ്ങളിലേക്ക് ഡക്ട് ലൈൻ നിർമിച്ച് മാറ്റണമെന്ന വ്യവസ്ഥകൾ ലംഘിച്ചാണ് റോഡിന്റെ നവീകരണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇനിയും പല ഭാഗങ്ങളിലും ജലവിതരണ പൈപ്പിന് തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top