25 April Thursday

പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്‌കാരം 
ചെറുവയൽ രാമന്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

സംസ്ഥാന ഭക്ഷ്യകമീഷന്റെ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്‌കാരം വയനാട്ടിലെ ജൈവകർഷകൻ ചെറുവയൽ രാമന്‌ മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നു

കോഴിക്കോട്‌ 
സംസ്ഥാന ഭക്ഷ്യകമീഷന്റെ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്‌കാരം വയനാട്ടിലെ ജൈവകർഷകൻ ചെറുവയൽ രാമന്‌ സമ്മാനിച്ചു.  നൂറിലധികം നെൽവിത്തിനങ്ങൾ സൂക്ഷിക്കുകയും 58 ഇനങ്ങൾ കൃഷിയിറക്കുകയും ചെയ്യുന്ന നേട്ടമാണ്‌ പുരസ്‌കാരത്തിനായി പരിഗണിച്ചത്‌.  നളന്ദ ഓഡിറ്റോറിയത്തിൽ കൃഷിമന്ത്രി ജി ആർ അനിലാണ്‌ പുരസ്‌കാരം നൽകിയത്‌.  കേരളത്തിൽനിന്ന്‌ സംഭരിക്കുന്ന നെല്ല്‌ ഉൾപ്പെടെ സമ്പുഷ്‌ടീകരിച്ച അരിയാക്കി വിതരണംചെയ്യുന്നത്‌ സർക്കാർ പരിഗണിക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം സമ്പുഷ്ടീകരിച്ച അരി നൽകണമെന്നാണ്‌ കേന്ദ്രനിർദേശം. തവിടിന്റെ അംശം കൂടുതലുള്ള കുത്തരി നൽകണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ്‌ എന്ന ലക്ഷ്യത്തിന്‌ അരികെയാണ്‌ കേരളമെന്നും മന്ത്രി പറഞ്ഞു. 
 രസവളങ്ങളുടെ ഉപയോഗം നിർത്തലാക്കാൻ സർക്കാരുകൾ ശ്രമം ആരംഭിക്കണമെന്ന്‌ ചെറുവയൽ രാമൻ പറഞ്ഞു. വിഷം കലർന്ന അരിയും പച്ചക്കറിയും വിൽക്കുന്നത്‌ തടയാൻ നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു. 
   സംസ്ഥാന ഭക്ഷ്യകമീഷൻ ചെയർമാൻ കെ വി മോഹൻകുമാർ പുരസ്‌കാര രൂപരേഖ അവതരിപ്പിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ്‌ സെക്രട്ടറി അസ്‌ഗർ അലി പാഷ മംഗളപത്രം കൈമാറി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.  മേയർ ബീന ഫിലിപ്പ്‌, പുരസ്‌കാര നിർണയ സമിതി അംഗം ഡോ. ജി എസ്‌ ശ്രീദയ, വാർഡ്‌ കൗൺസിലർ എസ്‌ കെ അബൂബക്കർ എന്നിവർ മുഖ്യാതിഥികളായി. ഭക്ഷ്യകമീഷൻ അംഗങ്ങളായ പി വസന്തം, കെ ദിലീപ്‌ കുമാർ, എം വിജയലക്ഷ്‌മി, സാബിദ ബീഗം, എഡിഎം സി മുഹമ്മദ്‌ റഫീഖ്‌, ജില്ലാ സപ്ലൈ ഓഫീസർ കെ രാജീഷ്‌, വനിതാശിശുവികസനം ജില്ലാ പ്രോഗ്രാം ഓഫീസർ പി പി അനിത, ഭക്ഷ്യകമീഷൻ സെക്രട്ടറി കെ എസ്‌ ശ്രീജ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top