18 September Thursday

ഔട്ട്‌ലെറ്റുകളിൽ 
മദ്യമോഷണം

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023
കോഴിക്കോട്‌
ബീവറേജസ്‌ കോർപറേഷൻ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ മദ്യം കളവുപോകുന്നത്‌ പതിവാകുന്നു.  മോഷണം പിടിക്കപ്പെടാത്തതിനാൽ  ജീവനക്കാർ പണം കെട്ടിവയ്‌ക്കേണ്ട സ്ഥിതിയാണ്‌. ഔട്ട്‌ലെറ്റുകളിലെ സെക്യൂരിറ്റി ജീവനക്കാരെ പിൻവലിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
കഴിഞ്ഞ ദിവസം കോഴിക്കോട്‌ പാവമണി റോഡിലെ ബെവ്‌കോ പ്രീമിയം കൗണ്ടറിൽനിന്ന്‌ വിദേശമദ്യം മോഷ്ടിച്ചതിന്‌ അഞ്ചുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.  യുവാക്കൾ മദ്യം മോഷ്ടിക്കുന്നത്‌ മറ്റൊരാളുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ്‌  വിവരം പുറത്തായത്‌.  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനാൽ പ്രതികളെ തിരിച്ചറിയാനായി. എറണാകുളത്തുനിന്ന്‌ വയനാട്ടിലേക്കുവന്ന വിനോദയാത്രാസംഘമാണ്‌ പിടിയിലായത്‌. 
പ്രീമിയം കൗണ്ടറുകളിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പരിശോധിക്കാൻ ജീവനക്കാരില്ല. ആൾക്ഷാമം കാരണം ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ സ്‌റ്റോക്ക്‌ എടുക്കുന്നത്‌.  സ്‌റ്റോക്ക്‌ കുറവുണ്ടായാൽ സിസിടിവി  പരിശോധിച്ചാൽമാത്രമേ മോഷ്ടാക്കളെ കണ്ടെത്താനാവൂ. എന്നാൽ, ജീവനക്കാരുടെ കുറവുമൂലം പലപ്പോഴും സിസിടിവി  പരിശോധിക്കൽ പ്രായോഗികമല്ല. കുറവുള്ള മദ്യത്തിന്റെ തുക ജീവനക്കാർ അടച്ച്‌ പ്രശ്‌നം പരിഹരിക്കുകയാണ്‌ രീതി. മോഷണത്തിന്‌ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌താൽ മാത്രമേ നഷ്ടമായ മദ്യം സ്‌റ്റോക്കിൽ ഉൾപ്പെടുത്താനാകൂ. 
കോവിഡ്‌കാലത്ത്‌ നിയമിച്ച സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. പ്രീമിയം കൗണ്ടറുകളിൽ സിസിടിവിയും ക്യാമറയും സ്ഥാപിച്ചതിനാൽ സെക്യൂരിറ്റി ജീവനക്കാർ ആവശ്യമില്ലെന്നാണ്‌ മാനേജ്‌മെന്റ്‌ നിലപാട്‌. ഇവരുള്ളപ്പോൾ മദ്യം വാങ്ങിയ രസീത്‌ പരിശോധിച്ചാണ്‌ കടകളിൽനിന്ന്‌ ആളുകളെ പുറത്തുവിട്ടിരുന്നത്‌. ഇപ്പോൾ ആർക്കും കടയിൽനിന്ന്‌  പരിശോധനയില്ലാതെ മടങ്ങാം. ഇതാണ്‌ മോഷ്ടാക്കൾ മുതലെടുക്കുന്നത്‌. 
ജീവനക്കാരുടെ കുറവാണ്‌ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി. പാവമണി റോഡിലെ ഔട്ട്‌ലെറ്റിൽ പ്രീമിയം കൗണ്ടറിലും സാധാരണ കൗണ്ടറിലുമായി 10 ജീവനക്കാരാണുള്ളത്‌.  സംസ്ഥാനത്തെ മിക്ക ഔട്ട്‌ലെറ്റുകളിലും സ്ഥിതി ഇതാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top