24 April Wednesday
പ്രകാശനം 29ന്‌ മലപ്പുറത്ത്‌ വാരിയൻകുന്നന്റെ കൊച്ചുമകൾ

വാരിയൻകുന്നന്റെ ഫോട്ടോയുമായി അപൂർവ ഗ്രന്ഥം

പി വി ജീജോUpdated: Monday Oct 18, 2021
 
 
കോഴിക്കോട്‌  
മലബാർ കലാപത്തിന്റെ വീരനായകൻ വാരിയൻകുന്നൻ‌ കുഞ്ഞഹമ്മദ്‌ ഹാജിയെക്കുറിച്ച്‌ ഫ്രാൻസിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള പത്രങ്ങളിൽവന്ന വാർത്തകൾ, വാരിയൻകുന്നന്റെ അപൂർവമായ ഫോട്ടോ... മതഭീകരനും രാജ്യദ്രോഹിയുമെന്ന്‌  സംഘപരിവാറും മറ്റും മുദ്രകുത്തുന്ന  1921–-ലെ മലബാർ കലാപത്തിന്റെ വീരനായകൻ കുഞ്ഞഹമ്മദ്‌ ഹാജിയുടെ  ധീരസമരങ്ങളെക്കുറിച്ചുള്ള അറിയപ്പെടാത്ത വിവരങ്ങളും രേഖകളുമടങ്ങിയ ചരിത്ര പുസ്‌തകം അടുത്തദിവസം പുറത്തിറങ്ങും. താനൂർ മൂലക്കൽ സ്വദേശി   റമീസ്‌ മുഹമ്മദ്‌ തയ്യാറാക്കിയ ‘സുൽത്താൻ വാരിയങ്കുന്നൻ ’എന്ന പുസ്‌തകത്തിലാണ്‌ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ അനശ്വരത വിളംബരംചെയ്യുന്ന ഏടുകൾ രേഖപ്പെടുത്തിയത്‌. കോമ്പസ്‌ മൂവീസ്‌ ഒരുക്കുന്ന ‘വാരിയങ്കുന്നൻ ’എന്ന സിനിമയുടെ തിരക്കഥാകൃത്ത്‌ കൂടിയാണ്‌ റമീസ്‌. നാളിതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത വാരിയൻകുന്നന്റെ ഫോട്ടോയാണ്‌ പുസ്‌തകത്തിന്റെ   പ്രധാന സവിശേഷത. ഫ്രഞ്ച് ‌മാസികയിൽ 1922–-ൽ പ്രസിദ്ധീകരിച്ച പടമാണ്‌  പുസ്‌തക മുഖചിത്രം.  ന്യൂയോർക്ക്‌ ടൈംസ്‌, ചിക്കാഗോ ട്രിബൂൺ, ദി മാഞ്ചസ്‌റ്റർ ഗാഡിയൻ തുടങ്ങി പത്തോളം രാജ്യങ്ങളിലെ പത്രങ്ങളിലും മാസികയിലും വന്ന വാർത്തകൾ, ഫോട്ടോകൾ എന്നിവ പുസ്‌തകത്തിന്റെ സവിശേഷതയാണ്‌. ലണ്ടനിൽ ജോലിചെയ്യവെ ഓൺലൈനിൽ വാരിയൻകുന്നനെയും മലബാർ കലാപത്തെയും കുറിച്ച്‌ കണ്ട കുറിപ്പാണ്‌ ഈചരിത്രാന്വേഷണത്തിന്‌ പ്രേരണയായതെന്ന്‌  റമീസ്‌ പറഞ്ഞു. ചരിത്രവിദ്യാർഥികളും ഗവേഷകരുമടക്കം നിരവധിപേരുടെ  സഹായത്തിലാണ്‌ പുസ്‌തകം തയ്യാറാക്കിയത്‌. ‘ഹിന്ദു ’പത്രത്തിൽ തന്റെ നിലപാടും നയവും വിശദമാക്കി അദ്ദേഹം അയച്ച കത്തും വിദേശപത്രങ്ങളിലും മാസികകളിലും വന്ന വാർത്തകളുമെല്ലാം  മലബാർ കലാപത്തെപ്പറ്റിയും പോരാളികളെയും  കുറിച്ച്‌ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ തുറന്നുകാട്ടുന്നു. വാരിയൻകുന്നൻ : അന്താരാഷ്‌ട്ര സമരനായകൻ എന്ന ശീർഷകത്തിലാണ്‌ ഫ്രഞ്ച് ‌മാസികയിൽ വാർത്ത വന്നത്‌. 1922 ൽ  പത്തുദിവസം ഇതിൽ മലബാർ കലാപത്തെപ്പറ്റി തുടർച്ചയായ വാർത്തകൾ വന്നിരുന്നു. 1921–-ലെ പോരാട്ടത്തിന്റെയും അടിച്ചമർത്താൻ ഗൂർഖാസേന തമ്പടിച്ചതിന്റെയുമെല്ലാം അപൂർവ ചിത്രങ്ങളും ഇതിലുണ്ട്‌. ഫോറൻസിക്‌ വിഭാഗത്തിലടക്കം പരിശോധിച്ചും ചരിത്രകാരന്മാർ വിലയിരുത്തിയും ഇവയുടെ ആധികാരികത ഉറപ്പിച്ചിട്ടുണ്ടെന്ന്‌ റമീസ്‌ പറഞ്ഞു. ഫ്രന്റ്‌സ്‌ ഫോർ ഫ്രീഡം ഓഫ്‌ ഇന്ത്യ എന്ന അധിനിവേശവിരുദ്ധ സംഘടനക്ക്‌ കേബിൾഗ്രാം വഴി വാരിയൻകുന്നൻ അയച്ച സന്ദേശവും പരാമർശിക്കുന്നു. 
പ്രകാശിപ്പിക്കുന്നത്‌ 
വാരിയൻകുന്നന്റെ 
കൊച്ചുമകൾ
19 അധ്യായങ്ങളിലായാണ്‌  വാരിയൻകുന്നനെപ്പറ്റിയുള്ള   ഒളിമങ്ങാത്ത വിവരങ്ങൾ. റ്റു ഹോൺ പബ്ലിക്കേഷൻസാണ്‌  പ്രസാധകർ. കുഞ്ഞഹമ്മദ്‌ഹാജിയുടെ നാടായ മലപ്പുറത്തുവച്ച്‌ 29–-നാണ്‌  പ്രകാശനം. വാരിയൻകുന്നന്റെ മകൻ വീരാവുണ്ണി എന്ന മൊയ്‌തീൻകുട്ടിയുടെ മകൾ ഹാജറയാണ്‌ പ്രകാശനം നിർവഹിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top